കട്ടപ്പന: ഫാമുകളിൽ ഉത്പ്പാദനം കുറഞ്ഞതോടെ ഇറച്ചിക്കോഴി വില കുത്തനെ ഉയർന്നു. ഇന്നലെ കട്ടപ്പനയിൽ കിലോഗ്രാമിന് 150 രൂപയാണ് വില. ഒരുമാസത്തിനിടെ 40 രൂപയിലേറെയാണ് വർദ്ധിച്ചത്. ഈസ്റ്ററിന് ശേഷം 10 മുതൽ 15 രൂപ വരെ കൂടി. നാടൻ കോഴിക്ക് 200 രൂപയാണ് വില. ഒരുമാസത്തിനിടെ 50 രൂപ കൂടി. വരൾച്ചയെ തുടർന്ന് ഫാമുകളിൽ ഉത്പ്പാദനം 60 ശതമാനം കുറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഫാമുകളെ അപേക്ഷിച്ച് തമിഴ്‌നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇറച്ചിക്കോഴിക്ക് കിലോഗ്രാമിന് 5 മുതൽ 10 രൂപ വരെ കുറവാണ്. ഇതുകൊണ്ട് തന്നെ സംസ്ഥാനത്തെ മറ്റു ജില്ലകളേക്കാൾ ഇടുക്കിയിൽ വില കുറവുണ്ട്.
പകൽച്ചൂട് വർദ്ധിച്ചതോടെ ഫാമുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയാണ്. ഇതോടെ ഉത്പ്പാദനം 40 ശതമാനമായി കുറച്ചിട്ടുണ്ട്. കൂടാതെ 45 ദിവസം കൊണ്ട് 2.5 കിലോഗ്രാം തൂക്കത്തിൽ പൂർണ വളർച്ചയിലെത്തേണ്ട കോഴികൾക്ക് 2.1 കിലോഗ്രാം തൂക്കം മാത്രമേയുള്ളൂ. ഫാമുകളിൽ വെള്ളത്തിന്റെ ലഭ്യതക്കുറവും ഉത്പ്പാദനം കുറയ്ക്കാൻ കാരണമായി. മുൻവർഷങ്ങളിലും വേനൽക്കാലത്ത് വില ഉയർന്നിരുന്നു.
ജില്ലയിൽ ന വിൽക്കുന്ന ഇറച്ചിക്കോഴിയിലേറെയും തമിഴ്‌നാട്ടിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇടുക്കിയിലെ ഫാമുകളിലടക്കം ആഭ്യന്തര ഉത്പ്പാദനം കുത്തനെ കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി. 3 മുതൽ 5 ടൺവരെ ഇറച്ചിക്കോഴി അതിർത്തി ചെക്‌പോസ്റ്റുകളിലൂടെ എത്തുന്നതായാണ് കണക്ക്. തമിഴ്‌നാട്ടിലെ കമ്പം, ചിന്നമന്നൂർ, തേനി, ഉത്തമപാളയം, ഗൂഡല്ലൂർ, രായപ്പൻപെട്ടി എന്നിവിടങ്ങളിലെ ഫാമുകളിൽ നിന്നാണ് ജില്ലയിലേക്ക് ഇറക്കുമതിയുള്ളത്.
കോഴിത്തീറ്റ
വില കൂടി
വേനൽച്ചൂട് കൂടിയതോടെ ഫാമിൽ കോഴികൾ ചത്തുപോകുന്നതിനാൽ ഉത്പാദനം കുറഞ്ഞതും കോഴിത്തീറ്റയുടെ വില ഉയർന്നതുമാണ് ഇറച്ചിക്കോഴി വില ഉയരാൻ പ്രധാന കാരണം. കോഴിത്തീറ്റ വില 50 കിലോയ്ക്ക് 1600 രൂപയായി ഉയർന്നു. നേരത്തെ ഇത് 1400 ആയിരുന്നു. ഇന്ധന വില വർദ്ധനയാണ് കോഴിത്തീറ്റ വില ഉയരാൻ കാരണമെന്നാണ് ഫാം അധികൃതർ വ്യക്തമാക്കുന്നത്. അന്തരീക്ഷ താപനില ഉയർന്നതു കോഴിയുടെ വളർച്ചയെയും കാര്യമായി ബാധിച്ചിട്ടുണ്ട്.