ചങ്ങനാശേരി : വിഷുവിന് ദിവസങ്ങൾ ബാക്കി നിൽക്കെ കൃഷ്ണവിഗ്രഹങ്ങളുടെ വിപണി പാതയോരങ്ങളിൽ സജീവം. വ്യത്യസ്ത വർണ്ണങ്ങളിലുള്ള ഉണ്ണിക്കണ്ണന്മാർ നിരന്ന് ഇരിക്കുന്ന കാഴ്ച മനോഹരമാണ്. രാജസ്ഥാൻ സ്വദേശിയായ കുക്കാറാം ആണ് കൃഷ്ണവിഗ്രഹങ്ങളുമായി പ്രധാനമായും എത്തിയിരിക്കുന്നത്. 100 രൂപ മുതലുള്ള വിഗ്രഹങ്ങൾ ലഭ്യമാണ്. നിരവധി പേരാണ് വിഗ്രഹം വാങ്ങാൻ ഇവിടേക്ക് എത്തുന്നത്. കൊവിഡ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. തലയോലപ്പറമ്പിൽ നിർമ്മിക്കുന്ന വിഗ്രഹങ്ങൾ ജില്ലയുടെ പലഭാഗങ്ങളിലേയ്ക്കും വില്പനയ്ക്കായി കൊണ്ടുപോകുകയാണ്. നീല വർണ്ണത്തിലുള്ള കണ്ണനാണ് പ്രിയം കൂടുതൽ. അച്ചുകളും പ്ലാസ്റ്റർ ഒഫ് പാരീസും വൈറ്റ് സിമന്റും ഉപയോഗിച്ചാണ് വിഗ്രഹങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം കൊവിഡ് മഹാമാരി മൂലം വിഷു ആഘോഷം നടന്നില്ല. ഇത്തവണ കൊവിഡിനെ അതിജീവിച്ച് പുതിയ വിഗ്രഹം വാങ്ങി കണികാണാനാണ് തീരുമാനം.
( രഞ്ജിത്ത്, കാഞ്ഞിരപ്പള്ളി)