ov

കോട്ടയം : മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊവിഡ് ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയതോടെ പുതുപ്പള്ളിക്കാ‌ർക്കും ആശങ്ക ഇരട്ടിയായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളിലും വോട്ടെടുപ്പ് ദിവസവുമെല്ലാം സ്നേഹപരിലാളനങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ച നേതാക്കളും പ്രവർത്തകരും മാത്രമല്ല പുതുപ്പള്ളിയിലെത്തിയ മാദ്ധ്യമ പ്രവർത്തകരും ആശങ്കയിലാണ്. "ഞാനുമായി ബന്ധപ്പെട്ടവരെല്ലാം കൊവിഡ് പരിശോധന നടത്തുകയോ നിരീക്ഷണത്തിൽ പോകുകയോ വേണമെന്ന് " ഉമ്മൻചാണ്ടി ഫേസ് ബുക്കിലും കുറിപ്പ് പങ്കിട്ടു. വോട്ടെടുപ്പിന്റെ പിറ്റേന്ന് ക്ഷീണം കാരണം പുതുപ്പള്ളിയിലെ കുടുംബ വീട്ടിൽ വിശ്രമിച്ചപ്പോഴും പ്രവർത്തകരുടെ തിരക്കായിരുന്നു. വൈകിട്ട് തിരുവനന്തപുരത്തെ വീട്ടിലേയ്ക്ക് പോയ ഉമ്മൻചാണ്ടി അവിടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് നേരത്തെ കൊവിഡ് പോസിറ്റീവായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.

പുതുപ്പള്ളിയിലെ പ്രചാരണത്തിനിടയിൽ ഉമ്മൻചാണ്ടിയെ പൊതിഞ്ഞായിരുന്നു പ്രവർത്തകർ. പലപ്പോഴും മാസ്ക് താഴ്ത്തിയ നിലയിലായിരുന്നു. മുക്കാൽ മണിക്കൂറോളം പുതുപ്പള്ളി സെന്റ് ജോർജ് സ്കൂളിലെ ക്യൂവിൽ നിന്ന ശേഷമായിരുന്നു അദ്ദേഹം വോട്ട് ചെയ്തത്. വോട്ടിംഗിന് ശേഷം പ്രതികരണം തേടിയപ്പോൾ ബൂത്തിന് പുറത്ത് വേണ്ട സമീപത്തെ സഹോദരിയുടെ വീട്ടു മുറ്റത്തുവച്ച് സംസാരിക്കാമെന്നായി. ചാനൽ കാമറകൾ അടക്കം മാദ്ധ്യമപ്പടയും ഒപ്പം റോഡിലൂടെ നടന്നു നീങ്ങി. ഉമ്മൻചാണ്ടിക്കൊപ്പം മുഖം കാമറയിൽ പതിഞ്ഞുകാണാൻ നേതാക്കളുടെ കൂട്ടയിടിയായിരുന്നു.

നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി

പ്രവർത്തകരുടെ തിരക്ക് കാരണം ഉമ്മൻചാണ്ടിയ്ക്ക് കൊവിഡ് നിയന്ത്രണം പലപ്പോഴും പാലിക്കാനായിരുന്നില്ല. നാട്ടുകാരുടെ നടുവിൽ നിന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് പൊതുപ്രവർത്തനത്തിന്റെ ഭാഗമാക്കിയതിനാൽ ആരോഗ്യത്തിൽ ശ്രദ്ധിക്കാനും അദ്ദേഹത്തിന് കഴിയാറില്ലായിരുന്നു. ഇങ്ങനെയുള്ള ഒരാൾക്ക് ഇത്രയും നാൾ കൊവിഡ് വരാതിരുന്നത് ഭാഗ്യമെന്നായിരുന്നു അടുപ്പമുള്ള പലരുടെയും പ്രതികരണം.

പ്രാർത്ഥനയിൽ നാട്

തങ്ങളുടെ കുഞ്ഞൂഞ്ഞിന് കൊവിഡെന്ന് അറിഞ്ഞതോടെ പെട്ടെന്ന് സുഖം പ്രാപിക്കുന്നതിന് പ്രാർത്ഥിക്കുകയാണ് നാട്ടുകാർ. ആശുപത്രി മുറിയിൽ ഉമ്മൻചാണ്ടി നിന്ന് ടി.വി.കാണുന്നതും, പത്രം വായിക്കുന്നതും, ചായ കുടിക്കുന്നതുമായ ഫോട്ടോ മകൻ ചാണ്ടി ഉമ്മൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത് പ്രവർത്തകരുടെആഴത്തിലുള്ള സ്നേഹം മനസിലാക്കിയായിരുന്നു.