വൈക്കം : ഉദയാനാപുരം ചാത്തൻകുടി ഭഗവതിക്ഷേത്രത്തിൽ എതിരേൽപ്പ്, താലപ്പൊലി, കളമെഴുത്തും പാട്ടും എന്നിവയ്ക്ക് സമാപനം കുറിച്ച് നടന്ന ഗരുഡൻതൂക്കം ഭക്തിനിർഭരമായി. പടിഞ്ഞാറെമുറി 814ാം നമ്പർ എൻ.എസ്.എസ് കരയോഗം, മാധവൻകുട്ടി കറുകയിൽ, ശാരദ നിവാസ് സുരേഷ് കുമാർ, ശിവകൃപയിൽ വിനോദ് എന്നിവരാണ് തൂക്കങ്ങൾ വഴിപാടായി സമർപ്പിച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്നും പുറപ്പെട്ട തൂക്കങ്ങൾ രാത്രി 2ന് ക്ഷേത്രത്തിലെത്തി ഗരുഡന്മാർ ദേവിക്ക് പ്രണാമം അർപ്പിച്ചു. വേതാളത്തെ തൃപ്തിപ്പെടുത്താൻ ചൂണ്ടകുത്തി രക്തം പ്രസാദിപ്പിച്ച് പ്രാർത്ഥിച്ചാണ് തൂക്കങ്ങൾ അവസാനിപ്പിക്കുന്നത്. പടയണി തുള്ളലും ഇതിന്റെ ഭാഗമായി നടന്നു. ക്ഷേത്രം തന്ത്റി മോനാട്ടില്ലത്ത് വലിയ കൃഷ്ണൻ നമ്പൂതിരി, ചെറിയ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി സുധീഷ് നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.