ഓഫീസില്‍ ഇരിക്കാനാവാതെ പകരമെത്തിയ ജീവനക്കാര്‍ വരാന്തയിൽ

മുണ്ടക്കയം: പോസ്റ്റ് മാസ്റ്റർ ഉൾപ്പെടെ അഞ്ചുപേർക്ക് കൊവിഡ് സ്ഥിരികരിച്ചതോടെ മുണ്ടക്കയം തപാൽ ഓഫീസ് താത്കാലികമായി അടച്ചു. ഓഫീസിലെ മറ്റു ജീവനക്കാർ ക്വാറന്റൈനിൽ തുടരുകയാണ്. വ്യാഴാഴ്ച നാലുപേർക്കും ഇന്നലെ ഒരാൾക്കുമാണ് ഇവിടെ രോഗം സ്ഥിരികരിച്ചത്. മറ്റുള്ള ജീവനക്കാർ നിരീക്ഷണത്തിലായതോടെ ഓഫീസ് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വരികയായിരുന്നു. ഇതിനിടയിൽ പ്രവർത്തനം നിർത്താനാവില്ലെന്ന നിർദ്ദേശത്തെ തുടർന്നു കാഞ്ഞിരപ്പള്ളി ഹെഡ്‌പോസ്‌റ്റോഫീസ്, മുക്കൂട്ടുതറ എന്നിവിടങ്ങളിൽ നിന്ന് രണ്ടുപേരെ മുണ്ടക്കയത്തേക്ക് അടിയന്തിരമായി നിയമിച്ചെങ്കിലും ശുചീകരിക്കാത്ത പോസ്‌റ്റോഫീസിനുള്ളിൽ ഇവർക്ക് പ്രവേശിക്കാനായിട്ടില്ല. ജോലിക്കെത്തിയ രണ്ടു വനിത ജീവനക്കാരും പോസ്‌റ്റോഫീസിന്റെ വരാന്തയിൽ ഇരിക്കേണ്ട അവസ്ഥയാണ്. ഓഫീസ് ശുചീകരിക്കാൻ തയാറാകാത്ത മേലുദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധം ശക്തമാണ്. അതേസമയം ഓഫീസ് പൂർണമായും ശുചീകരിച്ചതായി ചങ്ങനാശ്ശേരി പോസ്റ്റൽ സൂപ്രണ്ട് വ്യക്തമാക്കി. രണ്ടു തവണശുചീകരണം നടത്തിയതായും സൂപ്രണ്ട് വ്യക്തമാക്കി. എന്നാൽ കൊവിഡ് ബാധിതനായ പോസ്റ്റ് മാസ്റ്റർ വെള്ളിയാഴ്ചയാണ് ഓഫീസിന്റെ താക്കോൽ കൈമാറിയത്.

20 രോഗികൾ

ജീവനക്കാർക്ക് കൊവിഡ് സ്ഥിരികരിച്ചതിനെ തുടർന്നു കഴിഞ്ഞദിവസം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കാര്യാലയവും അടച്ചുപൂട്ടിയിരുന്നു. ഇവിടെ ഇരുപത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.