bridge

കട്ടപ്പന: കട്ടപ്പനകുട്ടിക്കാനം സംസ്ഥാനപാതയിലെ ഇരുപതേക്കർ പാലത്തിന്റെ കൈവരി നിർമാണം പൂർത്തിയായി. പി.ഡബ്ല്യു.ഡി. 4 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് മാസം കൊണ്ട് അറ്റകുറ്റപ്പണി നടത്തിയത്. മൂന്ന് അടി ഉയരത്തിൽ കോൺക്രീറ്റ് കൈവരികളാണ് നിർമിച്ചിരിക്കുന്നത്. എന്നാൽ വീതി കുറഞ്ഞ പാലത്തിലൂടെ ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രികർക്ക് കടന്നുപോകാൻ ബുദ്ധിമുട്ടാണ്. അതേസമയം വീതികൂട്ടി പുതിയ പാലം നിർമിക്കണമെന്നു ആവശ്യപ്പെട്ട് ടാക്‌സി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
ഹൈറേഞ്ചിലെ ഏറ്റവും തിരക്കേറിയ സംസ്ഥാനപാതയിലെ പാലം പുനർ നിർമിക്കുമെന്ന് നേരത്തെ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. വീതിക്കുറവുള്ളതിനാൽ ഇവിടെ അപകടങ്ങൾ പതിവാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ജീപ്പ് ഇടിച്ച് പഴയ കൈവരികളുടെ ഒരുഭാഗം പൂർണമായി തകർന്നിരുന്നു. കൂടാതെ ഇരുചക്ര വാഹനം നിയന്ത്രണംവിട്ട് കട്ടപ്പനയാറിലേക്ക് പതിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. നാട്ടുകാരുടെയും നഗരത്തിലെ ഡ്രൈവർമാരുടെയും നിരന്തര ആവശ്യത്തെ തുടർന്നാണ് തുക അനുവദിച്ച് നിർമാണം നടത്തിയത്.