ചങ്ങനാശേരി: തെരുവ് വിളക്കുകൾ നോക്കുകുത്തിയായതോടെ സന്ധ്യമയങ്ങിയാൽ നഗരവും പരിസര പ്രദേശങ്ങളും ഇരുട്ടിലും. പെരുന്ന ബസ് സ്റ്റാൻഡ്, പെരുന്ന റെഡ് സ്‌ക്വയർ, എസ്.എച്ച് ജംഗ്ഷൻ, ടി.ബി റോഡ്, സ്റ്റേഡിയം റോഡ്, ആശുപത്രി റോഡ്, റെയിൽവേ റോഡ് തുടങ്ങി നഗരത്തിലെ പ്രധാന റോഡുകളിലെ വിളക്കുകൾ പ്രവർത്തനരഹിതമാണ്.

വാഹനങ്ങളിൽ നിന്നും സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിൽ നിന്നുമുള്ള വെളിച്ചമാണ് ഏകആശ്രയം. നഗരത്തിൽ മാത്രമല്ല, ഇടറോഡുകളും ഇരുട്ടിലാണ്. സോളാർ ലൈറ്റുകളും കത്താറില്ല. സന്ധ്യമയങ്ങിയാൽ സാമൂഹ്യ വിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. പ്രഭാത സവാരിപോലും നടത്താൻ കഴിയാത്ത അവസ്ഥയാണെന്ന് നഗരവാസികൾ പറയുന്നു. തെരുവ് വിളക്കുകൾ പ്രവർത്തനരഹിതമായതോടെ അപകടങ്ങളും വർദ്ധിച്ചു.

തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ നഗരത്തിലെ പല ഇടറോഡുകളും മദ്യപാനമുൾപ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ്. നൈറ്റ് പട്രോളിംഗ് പൊലീസ് ശക്തമാക്കണമെന്നും തെരുവുവിളക്കുകൾ കത്തിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.