paalam

മുണ്ടക്കയം: പ്രളയത്തിൽ കേടുപാട് സംഭവിച്ച മുണ്ടക്കയം കോസ്‌വേ പാലത്തിന്റെ കൈവരികളും, സംരക്ഷണഭിത്തിയുടെ ഒരുഭാഗവും പുനർനിർമ്മിക്കാൻ നടപടിയില്ല. മലവെള്ളത്തിനൊപ്പം ഒഴുകിയെത്തിയ വൻമരങ്ങൾ ഇടിച്ചാണ് പാലത്തിന്റെ സംരക്ഷണഭിത്തിക്കും,കൈവരികൾക്കും സാരമായ കേടുപാട് സംഭവിച്ചത്. പൂഞ്ഞാർ എരുമേലി സംസ്ഥാനപാതയിൽ മുണ്ടക്കയം കോസ്‌വേ പാലത്തിന്റെ തുടക്കത്തിൽ ഒരു വശത്തായാണ് സംരക്ഷണഭിത്തി ഇടിഞ്ഞ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ഇത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. മുണ്ടക്കയത്ത് നിന്നും എരുമേലി ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ ഇറക്കമിറങ്ങി പാലത്തിന്റെ സംരക്ഷണഭിത്തി തകർന്ന് ഭാഗത്ത് എത്തുമ്പോൾ മാത്രമാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്ന ഗർത്തം ശ്രദ്ധയിൽപ്പെടുന്നത്. അപ്പോഴേക്കും മിക്കവാറും വാഹനങ്ങളുടെ വശങ്ങളിലെ ടയറുകൾ ഗർത്തത്തിൽ പതിച്ചിരിക്കും. സംരക്ഷണഭിത്തി ഇപ്പോൾ പൂർണ്ണമായും തകർന്ന നിലയിലാണ്.

വെള്ളക്കെട്ട് രൂക്ഷം

മഴയെത്തിയാൽ വെള്ളക്കെട്ടും പാലത്തിൽ രൂക്ഷമാണ്. പാലത്തിന്റെ മധ്യഭാഗത്തെ കൈവരികൾ ഏതാണ്ട് പൂർണ്ണമായും തകർന്നിട്ടുണ്ട്. മൂന്നു മാസങ്ങൾക്ക് മുമ്പ് മുണ്ടക്കയം പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ വിഷയം പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തങ്ങളുടെ വിഭാഗമല്ല എന്നു പറഞ്ഞു ഉദ്യോഗസ്ഥർ കൈയൊഴിയുകയായിരുന്നു. ഇത് യോഗത്തിൽ വലിയ തർക്കങ്ങൾക്കും ഇടയാക്കിയിരുന്നു.