അടിമാലി: കൊവിഡ് തീർത്ത മാന്ദ്യത്തിൽ നിന്നും ഇനിയും കരകയറാതെ ഹൈറേഞ്ചിന്റെ വിനോദ സഞ്ചാര മേഖല കിതപ്പിലേയ്ക്ക് .ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷം ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഹൈറേഞ്ചിലേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്ക് ഉണ്ടായി. എന്നാൽ അത് താൽക്കാലികമായ ഒരു ആശ്വാസം മാത്രമേ ടൂറിസംമേഖലയ്ക്ക് നൽകിയുള്ളു. പിന്നീടുള്ള ദിനങ്ങൾ പഴയ നിലയിലേക്കായി. മൂന്നാർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചു.ലോക്ക് ഡൗണിന് ശേഷം വിനോദ സഞ്ചാരമേഖലയിൽ പ്രവർത്തിച്ചിരുന്ന സ്‌പൈസസ് പാർക്കുകൾ ഉൾപ്പെടെ തുറന്ന് പ്രവർത്തനമാരംഭിച്ചെങ്കിലും ഭേദപ്പെട്ട വരുമാനത്തിലേക്ക് ഇനിയും എത്തിയിട്ടില്ല.ഈസ്റ്റർ, വിഷു അവധി ദിവസങ്ങളോട് അനുബന്ധിച്ച് സാധാരണയായി ഹൈറേഞ്ചേിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് സംഭവിക്കാറുള്ളതാണ്.കൊവിഡ് ആശങ്ക ഉൾപ്പെടെ നിലനിൽക്കുന്നതിനാൽ ഇത്തവണ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല. കൊവിഡ് കൂടുതൽ പിടിമുറുക്കിയാൽ സഞ്ചാരികളുടെ വരവിൽ ഇനിയും കാര്യമായ ഇടിവുണ്ടാകുമോയെന്ന ആശങ്കയും വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർക്കുണ്ട്.