അടിമാലി: പീച്ചാട് പ്ലാമല മേഖലയിൽ ജണ്ടകൾ സ്ഥാപിക്കുന്ന നടപടികളുമായി വനം വകുപ്പ്.മന്നാങ്കണ്ടം വില്ലേജിൽ റിസർവ്വ് ഫോറസ്റ്റിന്റെ അതിർത്തി തിരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജെണ്ടകൾ സ്ഥാപിക്കുന്ന നടപടികളുമായി വനം വകുപ്പ് രംഗത്തെത്തിയിട്ടുള്ളത്.റവന്യു വകുപ്പിന്റെയും കാർഡമം സെറ്റിൽമെന്റ് ഓഫീസറുടെയും സഹായത്തോടെ സർവ്വെ നടപടികൾ നടത്തിയിരുന്നതായും ഇതിൻ പ്രകാരം റിസർവ്വ് ഫോറസ്റ്റിന്റെ ഭാഗമായുള്ള അതിർത്തിയാണ് ജെണ്ട കെട്ടിതിരിക്കുന്നതെന്നും കൂമ്പൻപാറ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ജോജി ജോൺ പറഞ്ഞു.അതേ സമയം വനംവകുപ്പുദ്യോഗസ്ഥർ നടത്തുന്ന ഇടപെടൽ ശരിയല്ലെന്നും കർഷകരെ ദ്രോഹിക്കുന്ന നടപടിയാണ് വനംവകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്നും പ്രദേശവാസികൾ പ്രതികരിച്ചു.
ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു ജെണ്ടകൾ സ്ഥാപിക്കാനുള്ള ജോലികളുമായി വനംവകുപ്പുദ്യോഗസ്ഥർ പ്ലാമലയിലെത്തിയത്.ജെണ്ട സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് പ്രതിഷേധം രൂപപ്പെട്ടതോടെ പൊലീസ് സന്നാഹവും സ്ഥലത്തെത്തി.ജെണ്ട സ്ഥാപിച്ച ശേഷം വനംവകുപ്പുദ്യോഗസ്ഥർ ഏലച്ചെടികൾ നശിപ്പിച്ച് ഒഴിപ്പിക്കൽ നടത്തി.വനംവകുപ്പിന്റെ ഭാഗത്തു നിന്നും തുടർച്ചയായി ഉണ്ടാകുന്ന ഇടപെടലുകൾക്കെതിരെ പ്രദേശത്തെ കർഷകർക്കിടയിൽ വലിയ പ്രതിഷേധം നിലനിൽക്കുകയാണ്.