കട്ടപ്പന: വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാകതമെന്ന് തെളിഞ്ഞു. കൊച്ചുതോവാള എസ്.എൻ. ജംഗ്ഷൻ കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മ(65) യുടെ മരണം ശ്വാസം മുട്ടിയാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതോടെ ഭർത്താവ് ജോർജും സംശയനിഴലിലായി. ഇയാളെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
വ്യാഴാഴ്ച പുലർച്ചെയാണ് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോർജും ചിന്നമ്മയും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജോർജ് മുകളിലത്തെ നിലയിലെ മുറിയിലും ചിന്നമ്മ താഴത്തെ നിലയിലെ മുറിയിലുമാണ് ഉറങ്ങിയിരുന്നത്. വ്യാഴാഴ്ച രാവിലെ തൃശൂരിലുള്ള മകളുടെ വീട്ടിൽ പോകാനിരിക്കുകയായിരുന്നു ഇരുവരും. പുലർച്ചെ 4.30 ഓടെ ജോർജ് താഴത്തെ മുറിയിലെത്തിയപ്പോൾ ചിന്നമ്മ ചലനമറ്റ് നിലത്ത് കിടക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ എത്തി ചിന്നമ്മയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചിന്നമ്മയുടെ മാലയും വളയും അടക്കം 4 പവൻ സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് ജോർജ് പൊലീസിന് നൽകിയ മൊഴിയാണ് കേസിൽ ദുരൂഹതയ്ക്കിടയാക്കിയത്. തുടർന്ന് പൊലീസും ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ചിന്നമ്മയെ മുറിക്കുള്ളിൽ കണ്ടെത്തിയപ്പോൾ മുഖത്ത് രക്തക്കറയുണ്ടായിരുന്നു. കൂടാതെ മൃതദേഹത്തോട് ചേർന്ന് മറ്റൊരു തുണിയും കാണപ്പെട്ടിരുന്നു. ഇതുപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതേസമയം പുറത്തുനിന്നുള്ള മറ്റാരെങ്കിലും വീടിനുള്ളിൽ കയറിയതായുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. വീട്ടിലുണ്ടായിരുന്ന മറ്റ് ആഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് മോഷണത്തിന്റെ സാദ്ധ്യതകളും പൊലീസ് തള്ളിക്കളയുകയാണ്. അതേസമയം ചിന്നമ്മയുടെ കാണാതായ ആഭരണങ്ങൾ വീട്ടിൽ നിന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി സമീപവാസികളുടെ വിശദമായ മൊഴി രേഖപ്പെടുത്തും. കൂടാതെ സമീപത്തെ വീടുകളിലെ സി.സി. ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചുതുടങ്ങി. കട്ടപ്പന സി.ഐ. വി. ജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന് 12ന് കട്ടപ്പന സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ.