സംഭവിച്ചതെന്തെന്ന് വ്യക്തമല്ലെന്ന് കൗൺസിൽ യോഗത്തിന്റെ ഔദ്യോഗിക മിനുട്‌സ്
പാലാ: അല്ല, രണ്ടാഴ്ച മുമ്പ് പാലാ നഗരസഭാ കൗൺസിൽ യോഗത്തിൽ എന്താണ് സംഭവിച്ചത്..? ഭരണപക്ഷത്തെ രണ്ടു കൗൺസിലർമാർ തമ്മിലടിച്ചോ ...? സംശയം ഇപ്പോൾ പാലാ നഗരസഭാധികാരികൾക്കാണ്. അതുകൊണ്ടാവണം ഇന്നലെ സന്ധ്യയോടെ പുറത്തിറക്കിയ 'വിവാദ കൗൺസിൽ യോഗത്തിന്റെ ഔദ്യോഗിക മിനുട്‌സിൽ നഗരസഭാധികാരികൾ രേഖപ്പെടുത്തിയിരിക്കുന്നു; ' അന്ന് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല.' !
മിനുട്‌സിലെ കാണാക്കാഴ്ച തുടരുന്നത് ഇങ്ങനെ ; സ്റ്റാൻഡിംഗ് കമ്മിറ്റി വിഷയത്തെച്ചൊല്ലി കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിലും അഡ്വ. ബിനു പുളിക്കക്കണ്ടവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇരുവരും സീറ്റുകളിൽ നിന്ന് പുറത്തേക്കിറങ്ങി മാറി ഉന്തും തള്ളുമായി.അതോടെ മറ്റു കൗൺസിലർമാരും സീറ്റിൽ നിന്നെഴുന്നേറ്റ് ഒച്ചവെച്ചു. അപ്പോൾ വാക്കുതർക്കം രൂക്ഷമാവുകയും മറ്റു കൗൺസിലർമാർ പിടിച്ചുമാറ്റുകയുമാണുണ്ടായത്. പലരും സീറ്റിൽ നിന്ന് പുറത്തേയ്ക്ക് മാറിയതിനാൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് വ്യക്തമായില്ല.! '
മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കണ്ട തമ്മിലടിയേയും നിലവിളിയേയും പറ്റി നഗരസഭാധികാരികൾക്ക് ഇപ്പോഴും വ്യക്തതയില്ലെന്ന് ചുരുക്കം.
എന്നാൽ തമ്മിലടിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ഭാവിക്കുന്ന നഗരസഭാധികൃതർ പ്രശ്‌നത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് മിനുട്‌സിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിങ്ങനെ; 'ഏതെങ്കിലും ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേരുന്നതിനുള്ള നോട്ടീസ് അതിലെ ഒരംഗത്തിനെ ഒപ്പിടീക്കാതെ നടത്തുന്നതിനെതിരെ രേഖാമൂലം പരാതി നൽകിയിട്ടും യോഗം നടത്തി തീരുമാനമെടുത്താൽ ആ തീരുമാനത്തിന് നിയമസാധുതയുണ്ടോ എന്ന് സെക്രട്ടറി നിയമപരമായി മറുപടിപറയണമെന്ന് അഡ്വ.ബിനു പുളിക്കക്കണ്ടം ആവശ്യപ്പെട്ടു. എന്നാൽ കൗൺസിൽ യോഗം പൂർത്തിയായിട്ട് ഇതിന് മറുപടി നൽകിയാൽ മതിയെന്നും അടുത്ത അജണ്ടയിലേക്ക് കടക്കണമെന്നും സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ നാലംഗങ്ങളിൽ മൂന്നു പേർ ചേർന്നെടുക്കുന്ന തീരുമാനത്തിന് നിയമസാധുതയുണ്ടെന്നും ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു. ഇതോടെയാണത്രേ 'വാക്കുതർക്കം' മാത്രമുണ്ടായത്.
തിരഞ്ഞെടുപ്പ് നാളുകളിൽ ഏറെ വിവാദമുയർത്തിയ സി.പി.എം കേരളാ കോൺഗ്രസ് കൗൺസിലർമാരുടെ തമ്മിലടിയെപ്പറ്റി വ്യക്തയില്ലെന്ന നഗരസഭാധികാരികളുടെ നിലപാട് പുതിയ വിവാദങ്ങൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.