പൊൻകുന്നം: ജോ.ആർ.ടി.ഓഫീസിൽ ഇടപാടുകൾക്ക് കാലതാമസം നേരിടുന്നതായി പരാതി. ലേണേഴ്‌സ്, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവ യഥാസമയം നടക്കാത്തതുമൂലം അഞ്ചുമാസം വരെ കാത്തിരിക്കേണ്ടി വന്നവരുണ്ടെന്നാണ് പരാതി. പരിവാഹൻ സൈറ്റ് ഓപ്പണായി കിട്ടാത്തതുമൂലം ഇടപാടുകൾ വൈകുന്നുവെന്നും പരാതിയുണ്ട്. സൈറ്റ് ഓപ്പണാക്കി നൽകേണ്ടത് ആർ.ടി ഓഫീസിൽ നിന്നാണ്. പൊതുജനത്തിന് യഥാസമയം സൗകര്യം ലഭിക്കുന്നില്ലെങ്കിലും ചില ഏജന്റുമാർക്ക് ഇവയിൽ കൃത്യമായി ഇടപാടുകൾ നടത്താനാവുന്നുണ്ടെന്നും അവർ വഴി ഇടപാടുകൾ നടത്തുന്നവർക്ക് കാര്യങ്ങൾ സുഗമമായി നടത്താനാവുന്നുവെന്നും പരാതി ഉയർന്നു.

എന്നാൽ കാലതാമസം വരുന്നില്ലെന്നാണ് ഓഫീസ് അധികാരികളുടെ വിശദീകരണം. 90 ലേണേഴ്‌സും 60 ഡ്രൈവിംഗ് ടെസ്റ്റുമാണ് പ്രതിദിനം നടത്തേണ്ടത്. അവ കൃത്യമായി നടത്തുന്നുണ്ട്. എന്നാൽ ആൾക്കാർ സൈറ്റിൽ സ്വന്തമായി തീയതി തിരഞ്ഞെടുക്കുമെങ്കിലും ആ ദിവസം എത്താത്തതുമൂലം മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുന്നുണ്ട്. അതുമൂലം 60 ടെസ്റ്റ് നടത്തേണ്ടിടത്ത് പലപ്പോഴും 30 പേർക്ക് മാത്രമാണ് നടത്താനാവുന്നത്. അതോടെ മറ്റുള്ള അപേക്ഷകർക്ക് തീയതി ലഭിക്കാൻ വൈകുന്നുണ്ട്.