പാലാ: ഹൈവേയിൽ സ്ഥാപിച്ച പുതിയ വേഗനിയന്ത്രണ ഹംമ്പ് അപകടക്കെണിയാകുന്നു. ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ പാലാ പഴയ ബസ് സ്റ്റാൻഡിന് സമീപം നിർമ്മിച്ചിരിക്കുന്ന ഹംമ്പാണ് വാഹനങ്ങൾക്കും, സമീപത്തെ കെട്ടിടങ്ങൾക്കും ഒരുപോലെ ഭീഷണിയാകുന്നത്.

നഗരത്തിലെ വേഗനിയന്ത്രണത്തിന്റെ ഭാഗമായി ട്രാഫിക് വിഭാഗമാണ് ഹംമ്പ് നിർമ്മിച്ചത്. മഞ്ഞവരകൾ പോലെ തോന്നിക്കുന്ന 6 ലൈനുകൾ ചേർന്നതാണ് ഹംമ്പ്. ഡ്രൈവർമാർക്ക് മഞ്ഞ വരകളായി മാത്രമേ ഹംമ്പിനെ കാണാൻ കഴിയൂ. അതിനാൽ വേഗം കുറയ്ക്കാതെ ഹംമ്പിൽ പ്രവേശിക്കുന്ന വാഹനങ്ങൾ ഒന്നര മുതൽ രണ്ടര ഇഞ്ച് വരെ കട്ടിയുള്ള മഞ്ഞവരകളിൽ കയറി കുലുങ്ങി ചാടും. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. ഹംമ്പിൽ കയറുന്ന വാഹനങ്ങൾ വേഗം പെട്ടന്ന് കുറയ്ക്കുന്നതോടെ പിന്നാലെയെത്തുന്ന വാഹനങ്ങൾ അപകടത്തിലാകുന്ന സംഭവങ്ങളുമുണ്ട്.

വലിയ പ്രകമ്പനം

വലിയ വാഹനങ്ങൾ വേഗത്തിലെത്തി വലുപ്പമറിയാതെ ഹംമ്പിൽ കയറി ചാടുന്നതോടെ വലിയ പ്രകമ്പനമാണ് പ്രദേശത്ത് ഉണ്ടാക്കുന്നത്. ഇത് സമീപത്തെ കെട്ടിടങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും. അരനൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. 50 മീറ്റർ ചുറ്റളിൽ വരെ കുലുക്കം അനുഭവപ്പെടുന്നുണ്ട്.