കോട്ടയം: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങളും നിർദേശങ്ങളും കർശനമായി നടപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ അറിയിച്ചു. മാസ്‌ക് കൃത്യമായി ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ആൾക്കൂട്ടം ഒഴിവാക്കൽ എന്നിവ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കർശനമാക്കാനാണ് പൊലീസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ഇരുപത് ശതമാനത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് കൊവിഡ് 19 ഡ്യൂട്ടിക്കായി വിവിധ സ്ഥലങ്ങളിൽ നിയോഗിച്ചിരിക്കുന്നത്. ഡിവൈ.എസ്.പിമാർ, ഇൻസ്‌പെക്ടർമാർ, എസ്.ഐമാർ ഉൾപ്പെടെയുള്ളവർ നിരത്തിലിറങ്ങി പരിശോധന നടത്തും. ഇതിന്റെ ഭാഗമായി വ്യാഴാഴ്ചയും ഇന്നലെയും സാമൂഹിക അകലം പാലിക്കാത്തവർക്ക് മുന്നറിയിപ്പ് നൽകി. മാസ്‌ക് ധരിക്കാത്തവർക്കും, മാസ്‌ക് വായും മൂക്കും മറയ്ക്കത്തക്ക വിധം ശരിയായി ധരിക്കാത്തവർക്കെതിരേയും, പൊതു സ്ഥലത്ത് സാമൂഹിക അകലം പാലിക്കാത്തവർക്കെതിരേയും കേരള എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.