കറുകച്ചാൽ: സംസ്ഥാനത്ത് സ്കേറ്റിംഗ് അക്കാഡമി വേണമെന്ന ആവശ്യവുമായി സ്കേറ്റ് ബോർഡിൽ കേരള യാത്രയുമായി പതിനെട്ടുകാരൻ. കോഴിക്കാട് കക്കോടിമുക്ക് സ്വദേശിയും വിദ്യാർത്ഥിയുമായ എം.മധുവാണ് കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് സ്കേറ്റിംഗ് യാത്ര നടത്തുന്നത്. കഴിഞ്ഞ മാസം അഞ്ചിനാണ് മധു കാസർകോഡ് നിന്ന് യാത്ര ആരംഭിച്ചത്. എല്ലാ ജില്ലകളും ചുറ്റി തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിവരം ധരിപ്പിക്കണമെന്നാണ് മധുവിന്റെ മോഹം.
കോട്ടയത്തെത്തിയപ്പോഴാണ് മുഖ്യമന്ത്രി കൊവിഡ് ബാധിതനായ വിവരം അറിഞ്ഞത്. എങ്കിലും യാത്ര തുടരാനാണ് മധുവിന്റെ ലക്ഷ്യം. വടകര മേമുണ്ട ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്മാൻ സിവിൽ വിദ്യാർത്ഥിയാണ് മധു. ഏഴ് വർഷം മുൻപാണ് മധു സ്കേറ്റിംഗ് പഠിക്കാൻ തുടങ്ങിയത്. സ്കേറ്റിംഗ് യാത്രയ്ക്ക് സ്പോൺസർമാരോ സഹായികളോ ഇല്ല. കോഴിക്കോട് ബീച്ചിൽ കടലകച്ചവടം നടത്തുന്ന അച്ഛനെയും അമ്മയെയും സഹായിച്ച് സമ്പാദിച്ച പണം ഉപയോഗിച്ചാണ് മധു യാത്ര നടത്തുന്നത്.
ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും സ്കേറ്റിംഗ് പരിശീലനം ഉണ്ടെന്നും ഇതിനാൽ കേരളത്തിലുള്ളവർ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും പോയാണ് സ്കേറ്റിംഗ് പരിശീലിക്കുന്നതെന്നാണ് മധു പറയുന്നത്. സുഹൃത്തുക്കളുടെയോ പരിചയപ്പെടുന്നവരുടെയോ വീട്ടിലോ കടത്തിണ്ണകളിലോ ആണ് അന്തിയുറക്കവും വിശ്രമവും. കറുകച്ചാലിലെത്തിയ മധു ഇടുക്കി ജില്ലയിലേക്ക് യാത്ര തിരിച്ചു.