ചങ്ങനാശേരി: ബോട്ടുജെട്ടിയിൽ പോള തിങ്ങി നിറഞ്ഞതോടെ, ബോട്ട് ഗതാഗതം പ്രതിസന്ധിയിലായി. വെട്ടിത്തുരുത്ത് പള്ളി ജംഗ്ഷൻ മുതൽ ബോട്ട്‌ജെട്ടി വരെയുള്ള ഭാഗത്താണ് പോളയും മാലിന്യവും തിങ്ങി നിറഞ്ഞു കിടക്കുന്നത്. രണ്ടുമാസക്കാലമായി ബോട്ടുജെട്ടിയിൽ പോള തിങ്ങിക്കിടക്കാൻ തുടങ്ങിയിട്ട്. ലക്ഷക്കണക്കിനു തുക വിനിയോഗിച്ച് പല തവണ ബോട്ടുജെട്ടിയിലെയും ജലപാതയിലെയും പോള വാരി നീക്കിയെങ്കിലും കാറ്റിൽ പോള ഒഴുകിയെത്തുകയാണ് പതിവ്. പോള കയറിയതിനെത്തുടർന്ന് ബോട്ടുജെട്ടി മുതൽ കിടങ്ങറവരെ ജല ഗതാഗതവും താറുമാറായ നിലയിലാണ്. ബോട്ടു ജെട്ടിയിലും ബോട്ടു കടന്നു വരുന്ന കിടങ്ങറ മുതലുള്ള ജലപാതയിൽ പോളയും നീർസസ്യങ്ങളും വളർന്ന് ബോട്ടിന് കടന്നു വരാനാകാത്ത നിലയിലായി. തിങ്ങി നിറഞ്ഞുകിടക്കുന്ന പോള പൂത്തത് കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനും നിരവധിയാളുകളും ഇവിടെ എത്തിയിരുന്നു. മാസങ്ങൾക്ക് മുൻപാണ് ജെട്ടിയിലെ പോളയും നീർസസ്യങ്ങളും പൂർണ്ണമായി നീക്കം ചെയ്യുകയും നിർത്തിവച്ചിരുന്ന സർവീസ് പുനരാരംഭിക്കുകയും ചെയ്തത്. എസ് ബി കോളേജ് ബോട്ടണി വിഭാഗത്തിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ബോട്ട് ജെട്ടിയിലെയും ജലപാതയിലെയും പോള സ്ഥിരമായി നീക്കം ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ കൂടുതൽ പോള തിങ്ങി നിറഞ്ഞ സ്ഥിതിയാണ്. ഒന്നരപതിറ്റാണ്ട് മുൻപ് 13 സർവ്വീസുകൾ ഉണ്ടായിരുന്ന ബോട്ട് ജെട്ടിയാണിത്. റോഡ് സൗകര്യങ്ങൾ വന്നതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി രണ്ട് ബോട്ടുകളാണ് സർവ്വീസ് നടത്തുന്നത്. ബോട്ടിന്റെ പ്രൊപ്പല്ലറിൽ പോളയുടെ വേര് കുടുങ്ങുന്നതു പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി ബോട്ട് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.