കോട്ടയം: രാസവളത്തിന് വില കുതിച്ചുയർന്നു. ഇതോടെ റബർ, നെല്ല്, വാഴ കർഷകർ പ്രതിസന്ധിയിലായി. 300 മുതൽ 700 രൂപ വരെയാണ് ചാക്കൊന്നിന് ഒറ്റയടിക്ക് വർദ്ധിച്ചത്.
ഡൈ അമോണിയം ഫോസ്‌ഫേറ്റ് വിലയിലുണ്ടായ വർദ്ധനയാണ് വില കുത്തനെ ഉയരാൻ കാരണമെന്നാണ് വള നിർമ്മാണ കമ്പനികൾ വ്യക്തമാക്കുന്നത്. വില വർദ്ധിപ്പിക്കാൻ കേന്ദ്രം പച്ചക്കൊടി കാട്ടിയതോടെ കഴിഞ്ഞ ഒന്നാം തീയതി തന്നെ വളത്തിന് വില കൂട്ടി ഉത്തരവ് ഇറക്കുകയും ചെയ്തു. ഡൈ അമോണിയം ഫോസ്‌ഫേറ്റ് ടണ്ണിന് 24,000 രൂപയായിരുന്നത് 38,000 ആയി വർധിച്ചുവെന്ന കാരണം പറഞ്ഞാണ് രാസവളത്തിന് വില ഭീമമായി വർദ്ധിപ്പിച്ചത്. ഇതോടെ കേരളത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഫാക്ടംഫോസിന്റെ (20:20:015) 50 കിലോഗ്രാം ചാക്കിന്റെ വില 1025 രൂപയിൽ നിന്ന് 1300 രൂപയായി വർദ്ധിച്ചു. ഒറ്റയടിക്ക് 275 രൂപയാണ് ചാക്കൊന്നിന് വർദ്ധിച്ചിട്ടുള്ളത്. ഇത് ഏറെയും ദോഷകരമായി ബാധിക്കുന്നത് റബർ മേഖലയെ തന്നെയാണ്. കൂടാതെ നെൽ കർഷകരെയും വാഴ, കപ്പ കർഷകരെയും കൂടുതൽ ദോഷകരമായി ബാധിക്കും.
വേനൽ മഴ ലഭിച്ചതോടെ റബറിന് ഒന്നാം വളം നൽകേണ്ട സമയമാണിപ്പോൾ. റബർകൃഷി നഷ്ടമായതോടെ കർഷകർ മറ്റ് കൃഷികളിലേക്ക് തിരിയാൻ തുടങ്ങുമ്പോഴാണ് രാസവളത്തിന് വില വർദ്ധിപ്പിച്ചത്. ഇത് കർഷകർക്ക് കൂനിന്മേൽ കുരുവായി മാറി. റബറിന് നേരിയ വിലവർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ഈ വില അപര്യാപ്തമാണെന്ന് കർഷകർ വിലപിക്കുമ്പോഴാണ് രാസവളത്തിന് വിലകൂട്ടിയത്.
50 കിലോഗ്രാം ചാക്ക് ഡൈ അമോണിയം ഫോസ്‌ഫേറ്റിന് (ഡി.എ.പി) 700 രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 1200 നൽകിയിരുന്ന സ്ഥാനത്ത് ൊരു ചാക്ക് ഡി.എ.പി ലഭിക്കണമെങ്കിൽ 1900 രൂപ നല്കണം.
മിശ്രിത രാസവളങ്ങളിൽ ഉപയോഗിക്കുന്നതാണ് ഡി.എ.പി. ഇതോടെ മിശ്രിത രാസവള നിർമാതാക്കൾ വളങ്ങൾക്ക് (50 കിലോ ചാക്കിന് മേൽ) 300 രൂപയിലേറെ വർധിപ്പാക്കാനൊരുങ്ങുകയാണ്. എൻ. പി. കെ. . 15:15:15 വളത്തിന് 950 രൂപയായിരുന്നത് 1500 ആയി ഉയർത്തി. ഫാക്ടംഫോസ് കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന എൻ. പി.കെ.10:26:26 വളത്തിനും, 1,100 രൂപയിൽ നിന്ന് 1,775 രൂപയായി. വില നിയന്ത്രണം സർക്കാർ എടുത്തുകളഞ്ഞതോടെ സബ്സിഡിയും കർഷകർക്ക് നഷ്ടമായി. എന്നാൽ പൊട്ടാഷ് വിലയിൽ കാര്യമായ മാറ്റമില്ല.