കോട്ടയം: ഓടയില്ലാതെ അശാസ്‌ത്രീയമായി റോഡ് നിർമ്മിച്ചതോടെ ചന്തക്കടവ് -കേരളകൗമുദി റോഡിൽ വെള്ളക്കെട്ട് രൂക്ഷം. സമീപത്തെ സ്ഥാപനങ്ങളും മലിനജലം റോഡിലേയ്ക്ക് ഒഴുക്കുകയാണ്. വെള്ളക്കെട്ട് രൂക്ഷമായതോടെ റോഡ് തകർന്ന് ഇന്റർലോക്ക് ടൈലുകൾ ഇളകി അപകടസാദ്ധ്യതയും വർദ്ധിച്ചു.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഭാഗങ്ങളിൽ നിന്നുള്ള മലിനജലം ഉൾപ്പെടെ ഈ റോഡിലേയ്‌ക്കാണ് ഒഴുകുന്നത്. മഴയുള്ളപ്പോഴും ഇല്ലാത്തപ്പോഴും പാദത്തിന് മുകളിൽ വെള്ളമാണ്. റോഡിന് സമീപത്തെ പുരയിടത്തിലാണ് സ്വകാര്യ ബസുകൾ പാർക്ക് ചെയ്യുന്നത്. വാഹനങ്ങൾ കഴുകുന്ന വെള്ളവും റോഡിലേയ്ക്കാണ് ഒഴുക്കുന്നത്.
കോട്ടയം മാർക്കറ്റിലേയ്‌ക്ക് ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ ടി.ബി ജംഗ്ഷനിൽ നിന്നും എത്തുന്നത് ഈ റോഡിലൂടെയാണ്. അതുകൊണ്ടു തന്നെ ചന്തക്കടവിലെ വെള്ളക്കെട്ടുള്ള റോഡിൽ അപകടസാധ്യതയും വർദ്ധിക്കുകയാണ്. സ്‌ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് റോഡിലൂടെ നടന്നു പോകുന്നത്. വെള്ളക്കെട്ട് മൂലം ഇതുവഴിയുള്ള കാൽനടയാത്രപോലും അപകടം ക്ഷണിച്ചുവരുത്തും.
മുമ്പ് വെള്ളക്കെട്ട് രൂക്ഷമായിരുന്നപ്പോഴാണ് റോഡിൽ ടാറിംഗിന് പകരം ഇൻ്റർലോക്ക് ടൈലുകൾ പാകിയത്. എന്നാൽ, ഇതിനു ശേഷവും ഇവിടെ അതിരൂക്ഷമായി വെള്ളക്കെട്ട് തുടരുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ ശാസ്ത്രീയമായി ഓട നിർമ്മിക്കണമെന്നാണ് ആവശ്യം.