കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പിൽ കുടുംബശ്രീയ്ക്കും നല്ല 'പോളിംഗായിരുന്നു'. തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്ത കേന്ദ്രത്തിലും തിരഞ്ഞെടുപ്പ് ദിനത്തിൽ ബൂത്തുകളിലും പോളിംഗ് ഉദ്യോഗസ്ഥർക്ക് ഊണൊരുക്കിയ വകയിൽ മാത്രം നല്ല വരുമാനം ലഭിച്ചു. പ്രതിസന്ധി സമയത്ത് 4.71 ലക്ഷം രൂപയാണ് കുടുംബശ്രീയുടെ സമ്പാദ്യപ്പെട്ടിയിൽ വീണത് ! ജില്ലയിലെ 11 ബ്ലോക്കുകളിലായി മൂന്ന് വീതം വിതരണകേന്ദ്രങ്ങളും കാന്റീനുകളുമാണ് തുറന്നത്. 42 കുടുംബശ്രീകളിലെ 156 പേർ വിതരണത്തിന് ചുക്കാൻ പിടിച്ചു. മാലിന്യനീക്കത്തിനായി നൂറോളം യൂണിറ്റുകളിലെ അഞ്ഞൂറിലെപ്പേരും പ്രവർത്തിച്ചു. പള്ളം, ളാലം, ഉഴവൂർ, വൈക്കം, വാഴൂർ കാഞ്ഞിരപ്പള്ളി തുടങ്ങിയ ബ്ളോക്കുകൾ സജീവമായിരുന്നു.
സംസ്ഥാനത്ത് 2.10 കോടിയുടെ വരുമാനം
സംസ്ഥാനത്ത് 161 ഭക്ഷണവിതരണകേന്ദ്രങ്ങളും 128 കാന്റീനുകളുമാണ് കുടുംബശ്രീ ഇതിനായി തുടങ്ങിയത്. 2.10 കോടിയാണ് ആകെ വരുമാനം.
ഉത്സവദിനങ്ങൾ
വൈക്കം ബ്ളോക്കിലെ കുടുംബശ്രീ പ്രവർത്തകരായ മീനാക്ഷി, കെ.കെ.സരോജനി തുടങ്ങിയവർ ഒരുവർഷമായി കുടുംബശ്രീ ജനകീയ ഹോട്ടലിന്റെയും അണിയറയിലുണ്ട്. അപ്രതീക്ഷിതമായി കൈയിൽ കുറച്ച് കാശ് വന്നത് മാത്രമല്ല സന്തോഷമേകുന്നത്. രണ്ട് ദിവസത്തോളം ഉത്സവം പോലെയായി. സാധനം മേടിക്കലും അരിയലും പൊതിയലും ഒക്കെയായി ആകെ തിരക്കോട് തിരക്ക്. വോട്ട് ചെയ്യുക മാത്രമല്ല ഭക്ഷണമൊരുക്കിയും ജനാധിപത്യത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചതിന്റെ സന്തോഷമുണ്ട് എല്ലാവർക്കും. വോട്ടിംഗിന് തലേന്ന് പ്രാതലും ഉച്ചയൂണും വോട്ടിംഗ് ദിവസം ഉച്ചയൂണും രാത്രിഭക്ഷണവും ചായയും ലഘുഭക്ഷണവുമാണ് ഇവർ നൽകിയത്.
'' വോട്ടിംഗ് ദിനം പുലർച്ചെ തുടങ്ങി രാവിലെ 11ഓടെ ഊണ് തയാറാക്കി വിതരണത്തിനൊരുക്കി. ഉദ്യോഗസ്ഥർക്കെല്ലാം ഭക്ഷണം ഒരുപാടിഷ്ടപ്പെട്ടു. ഇതിനിടയ്ക്ക് ഞങ്ങൾ വോട്ടുംചെയ്തു
സരോജനി, കുടുംബശ്രീ പ്രവർത്തക.