munipara
മുനിപാറ

അടിമാലി: മുനിയറകൾ തീർക്കുന്ന അത്ഭുതവും പ്രകൃതിയുടെ സൗന്ദര്യവും ഒത്തൊരുമിക്കുന്ന ഇടമാണ് ബൈസൺവാലി മുട്ടുകാടിന് സമീപമുള്ള മുനിപാറ.ഹൈറേഞ്ചിന്റെ കുട്ടനാടെന്നറിയപ്പെടുന്ന മുട്ടുകാട് പാടശേഖരത്തോട് ചേർന്ന് കിടക്കുന്ന ചെങ്കുത്തായ മലനിരയാണ് മുനിപാറ.മുട്ടുകാട്ടിൽ നിന്നും ചിന്നക്കനാലിലേക്കുള്ള പാതയിലൂടെ സഞ്ചരിച്ചാൽ മുനിപാറയിലേക്കെത്താം.മുനിയറകൾ തീർക്കുന്ന കൗതുകവും പ്രകൃതിയുടെ സൗന്ദര്യവുമാണ് മുനിപാറയുടെ പ്രത്യേകത.പുരാതന കാലത്തെങ്ങോ തീർക്കപ്പെട്ട ഇനിയും മായിക്കപ്പെടാത്ത വായിച്ചെടുക്കാൻ ഒരുപാടുള്ള നിരവധി മുനിയറകൾ മുനിപാറക്കു മുകളിൽ ഉണ്ട്.മലകയറിയെത്തുന്നവരോട് പോയകാലത്തിന്റെ ചരിത്രം വിളിച്ചുപറഞ്ഞങ്ങനെ ചരിത്ര അവശേഷിപ്പുകളായി നിലകൊള്ളുന്നു.കൂറ്റൻ കരിങ്കൽ പാളികൾകൊണ്ട് നിർമ്മിക്കപ്പെട്ടവയാണ് മുനിയറകൾ അത്രയും.ചില അറകൾക്ക് പാറകൾ കൊണ്ടു തന്നെയുള്ള മേൽക്കൂരയും ഉണ്ട്.കാലത്തിന്റെ വികസനം ഇത്രത്തോളം ഇല്ലാതിരുന്ന അക്കാലത്തും ഭീമാകാരമായ പാറക്കല്ലുകൾ കൊണ്ട് നിർമ്മിക്കപ്പെട്ടിട്ടുള്ള മുനിയറകൾ മലകയറിയെത്തുന്നവരുടെ കണ്ണുകളിൽ അത്ഭുതം ജനിപ്പിക്കും.മുനിയറകൾ സമ്മാനിക്കുന്ന കൗതുകത്തിനപ്പുറം പകൃതി മനോഹാരിതയുടെ ഈറ്റില്ലം കൂടിയാണ് മുനിപാറ.മുട്ടുകാടിന്റെയും ബൈസൺവാലിയുടെയും പരന്നകാഴ്ച്ച മുനിപാറക്ക് കൂടുതൽ സൗന്ദര്യം നൽകുന്നുണ്ട്.ഇടക്കിടെ മുനിയറകളെ തഴുകി തണുത്തകാറ്റ് കടന്നു പോകും.ചെങ്കുത്തായ പാറക്കെട്ടുകൾ തീർക്കുന്ന ഭംഗിയും മനസ്സിനെ ഏകഗ്രമാക്കുന്ന നിശബ്ദതയും മുനിപാറക്ക് വല്ലാത്ത ആകർഷണം നൽകുന്നുണ്ട്.ചരിത്രമുറങ്ങുന്ന മുനിയറകൾക്ക് സംരക്ഷണമൊരുക്കി മുനിപാറയെ വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയർത്തിയാൽ പ്രദേശത്തിന്റെ ടൂറിസം വികസനത്തിനത് കൂടുതൽ കരുത്താകും.