poovu-

ചങ്ങനാശേരി : 'മേട പൊന്നണിയും കൊന്ന പൂക്കണിയായി". വിഷുവിന്റെ വരവറിയിച്ച് യാത്രക്കാരിൽ കണ്ണിനും മനസിനും കുളിർമയേകി വഴിയോരങ്ങളിൽ പൂത്തുലഞ്ഞ് നിൽക്കുകയാണ് കണിക്കൊന്ന. കൊവിഡ് ഭീതിയ്ക്കിടയിലും ഐശ്വര്യത്തിന്റെ പുതുനാമ്പേകി വിഷുവിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മലയാളി.

ഇത്തവണ ഇടയ്ക്കിടെ വേനൽമഴ ലഭിച്ചതിനാൽ വ്യാപകമായി കൊന്ന പൂത്തു. ഐശ്വര്യവും സമ്പദ്‌സമൃദിയും നിറഞ്ഞ മലയാളിയുടെ ഒരു വർഷത്തെ നല്ലനാളുകളുടെ തുടക്കമാണ് ഓരോ വിഷുപ്പുലരിയിലും ഒരുക്കുന്ന വിഷുക്കണി. ഇതിൽ മലയാളികൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് കൊന്നപ്പൂവ്. മറ്റെല്ലാമുണ്ടെങ്കിലും കൊന്നപ്പൂ ഇല്ലെങ്കിൽ മലയാളിക്ക് കണി പൂർത്തിയാവില്ലെന്നാണ് വിശ്വാസം. ഒപ്പം കേരളത്തിന്റെ ഔദ്യോഗികപുഷ്പവുമാണ്.

സാധാരണ ഏപ്രിൽ മാസത്തോടെയാണ് കണിക്കൊന്ന പൂക്കുന്നതെങ്കിലും വേനൽ ചൂട് അധികമായതോടെ ഈ വർഷം മാർച്ച് തുടക്കത്തിൽ തന്നെ പൂത്തു. കനത്തമഴയും കാറ്റും കാരണം ചിലയിടങ്ങളിൽ പൂക്കൾ കൊഴിഞ്ഞ് തുടങ്ങി.

ഔഷധഗുണങ്ങളേറെ

കണിക്കൊന്ന ഏറെ ഔഷധഗുണങ്ങളുള്ള വൃക്ഷം കൂടിയാണ്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗിക്കാറുണ്ട്. രക്തശുദ്ധിയ്ക്കും മലബന്ധം മാറ്റാനും ഈ പൂക്കൾ ആയുർവേദ വൈദ്യർ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങൾ അകറ്റും. കൊന്നത്തോൽ ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്ത് കഴിക്കുന്നത് ശ്വാസരോഗങ്ങൾക്കും ഫലപ്രദമാണ്.