കട്ടപ്പന: ജോയി വെട്ടിക്കുഴി ഉപാദ്ധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ നഗരസഭ ഭരണസമിതിയിലെ കോൺഗ്രസ് അംഗങ്ങൾക്കിടയിലുള്ള ഭിന്നത മറനീക്കുന്നു. നേതാക്കൾ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയതോടെ എ, ഐ ഗ്രൂപ്പുകൾക്കിടയിൽ പുതിയ ചേരിപ്പോരിന് തിരികൊളുത്തിയിരിക്കുകയാണ്. നഗരസഭാദ്ധ്യക്ഷ അടക്കം ഭരണസമിതിലെ ചിലരുടെ ഏകപക്ഷീയ നിലപാടുകളെ തുടർന്നാണ് ജോയി വെട്ടിക്കുഴി രാജിവച്ചതെന്ന് കൗൺസിലറും എ ഗ്രൂപ്പ് നേതാവുമായ സിബി പാറപ്പായി തുറന്നടിച്ചു. എന്നാൽ നഗരസഭാദ്ധ്യക്ഷ ജോലികൾ കൃത്യമായി ചെയ്യുന്നുണ്ടെന്നും അത് മറ്റൊരാൾ ചെയ്യാൻ ശ്രമിക്കുന്നത് ഉചിതമല്ലെന്നും മുൻ അദ്ധ്യക്ഷൻ കൂടിയായ ഐ ഗ്രൂപ്പ് നേതാവ് ജോണി കുളംപള്ളി മറുപടി നൽകി.
ഒന്നരമാസത്തെ യു.കെ, ഗൾഫ് വിദേശയാത്രയുമായി ബന്ധപ്പെട്ടാണ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം ഉൾപ്പെടെ രാജിവച്ചതെന്നാണ് ജോയി വെട്ടിക്കുഴിയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ ഗ്രൂപ്പ് പോരിനെ തുടർന്നാണ് രാജിയെന്ന് ആക്ഷേപമുയർന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് കൗൺസിലറും കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ സിബി പാറപ്പായിയുടെ പ്രതികരണം. മുൻ ഭരണസമിതിയുടെ പ്രവർത്തനമികവ് നിലനിർത്താൻ ഇപ്പോഴത്തെ നേതൃത്വത്തിന് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കൗൺസിൽ തീരുമാനങ്ങൾ പോലും അട്ടിമറിക്കുന്നതിനാൽ നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പോലും വീഴ്ച സംഭവിക്കുന്നു. ഇത് ചൂണ്ടിക്കാട്ടുമ്പോൾ നഗരസഭാദ്ധ്യക്ഷ പരിഹരിക്കാൻ തയാറാകുന്നില്ല. ഈ സാഹചര്യത്തിൽ ഭരണസമിതിയിലും പാർട്ടിയിലും പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് ജോയി വെട്ടിക്കുഴി രാജിവച്ചതെന്നും സിബി പാറപ്പായി പറഞ്ഞു.
എന്നാൽ എ ഗ്രൂപ്പിന്റെ ആരോപണങ്ങളെ തള്ളുന്ന പ്രതികരണമാണ് ജോണി കുളംപള്ളിയുടേത്. ജോയി വെട്ടിക്കുഴി ഉപാദ്ധ്യക്ഷ സ്ഥാനം രാജിവച്ചതായി അറിഞ്ഞത് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. അതിൽ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്നും ജോണി കുളംപള്ളി പറഞ്ഞു. വ്യക്തിപരമായ ആവശ്യങ്ങൾക്ക് അവധിയെടുത്ത് പോകാമായിരുന്നു. അതിനുപകരം രാജിവച്ചതിന്റെ കാരണം അറിയില്ല. നഗരസഭയിൽ പ്രതിസന്ധികൾ ഒന്നുമില്ല. നല്ലരീതിയിൽ ഭരണം നടക്കുന്നുണ്ട്. മൂന്നുമാസം കൊണ്ട് 3 കോടിയിലധികം രൂപ നികുതിയായി പിരിച്ചെടുത്തു. ഭരണസമിതി അധികാരത്തിലെത്തിയപ്പോൾ 5 ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നത്. നഗരസഭാദ്ധ്യക്ഷയുടെ ജോലി അവർ കൃത്യമായി ചെയ്യുന്നുണ്ട്. വൈസ് ചെയർമാന്റെ ജോലി എന്തൊക്കെയാണെന്ന് ഭരണഘടന വ്യവസ്ഥകളിലുണ്ട്. അതിന് മുകളിൽ അധികാരമുണ്ടെന്നുള്ള നിലപാട് ശരിയല്ലെന്നും കുളംപള്ളി പറഞ്ഞു.
അതേസമയം നഗരസഭാദ്ധ്യക്ഷയുടെ പരിചയക്കുറവ് പ്രതിസന്ധിക്ക് കാരണമാകുന്നതായി കൗൺസിലർമാർക്കിടയിൽ നേരത്തെ ആക്ഷേപമുണ്ട്. ജോലി സമയത്ത് മദ്യപിച്ചുനടന്ന ജീവനക്കാരനെതിരെ നടപടി സ്വീകരിക്കാത്തതും കരാറുകാരുടെ കുടിശിക നൽകാൻ താമസം നേരിടുന്നതും ജീവനക്കാരെ പുനർ വിന്യസിച്ചതും അംഗങ്ങൾക്കിടയിൽ ഭിന്നതയ്ക്ക് കാരണമായി.