vaccine

കോട്ടയം : ജില്ലയിൽ പ്രാദേശിക തലത്തിൽ കൊവിഡ് പരിശോധനയും വാക്‌സിനേഷനും കൂടുതൽ സജീവമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം എ.ഡി.എം ആശ സി.ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സഹകരണത്തോടെ 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചു. ആയിരം പേർക്ക് വരെ വാക്‌സിൻ വിതരണം ചെയ്യുന്ന മെഗാ ക്യാമ്പുകൾ കൂടുതൽ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ കഴിയാത്തവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലുടെ വാക്‌സിൻ നൽകും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, ആർ.സി.എച്ച് ഓഫീസർ ഡോ. സി.ജെ. സിത്താര, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ അഭിലാഷ് ദിവാകർ, തദ്ദേശ സ്ഥാപന പ്രസിഡന്റുമാർ, സെക്രട്ടറിമാർ, കുടുംബശ്രീ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

വാക്‌സിൻ സ്വീകരിക്കണം
45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കണം. കൊവിഡ് ബാധിതരുടെയും രോഗം ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെടുന്നവരുടെയും എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധം ഉറപ്പാക്കുന്നതിന് എല്ലാവരും ജാഗ്രത പുലർത്തണം. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരിൽ ഭൂരിഭാഗവും അറുപത് വയസിനു മുകളിലുള്ളവരാണ്. അതുകൊണ്ടുതന്നെ ഈ പ്രായവിഭാഗത്തിലുള്ള എല്ലാവരും അടിയന്തരമായി വാക്‌സിൻ സ്വീകരിക്കണം.
എം.അഞ്ജന, ജില്ലാ കളക്ടർ