കട്ടപ്പന: കൊച്ചുതോവാളയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് മൊഴിയെടുപ്പ് ആരംഭിച്ചു. ഇന്ന് ഭർത്താവ് ജോർജിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും. കൊച്ചുതോവാള എസ്.എൻ. ജംഗ്ഷൻ കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മ(65) യുടെ മരണം ശ്വാസം മുട്ടിയാണെന്നുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് കേസിൽ വഴിത്തിരിവായിരിക്കുന്നത്. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും മതിയായ തെളിവുകൾ ശേഖരിച്ചശേഷം അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് സൂചന.
ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ അയൽവാസികളുടെ ഉൾപ്പെടെ വിശദമായ മൊഴികൾ രേഖപ്പെടുത്തിവരികയാണ്. കൂടാതെ സമീപപ്രദേശങ്ങളിലെ സി.സി. ടി.വി. ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെ 4.30 ഓടെയാണ് ചിന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിന്നമ്മയുടെ മാലയും വളയും അടക്കം 4 പവൻ സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് ജോർജ് പൊലീസിന് നൽകിയ മൊഴിയാണ് കേസിൽ ദുരൂഹതയ്ക്കിടയാക്കിയത്. തുടർന്ന് പൊലീസും ഫോറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ പുറത്തുനിന്നുള്ള മറ്റാരെങ്കിലും വീടിനുള്ളിൽ കയറിയതായുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. വീട്ടിലുണ്ടായിരുന്ന മറ്റ് ആഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ല. കട്ടപ്പന സി.ഐ. വി. ജയന്റെ നേതൃത്വത്തിലാണ് അന്വേഷണം.