പാലാ : നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിലടിച്ചിട്ട് 'അടിയ്ക്ക് വ്യക്തതയില്ലെന്ന് ' മിനിട്സിൽ രേഖപ്പെടുത്തിയത് പാലാക്കാരെ വീണ്ടും അപമാനിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി പറഞ്ഞു. ആടിനെ പട്ടിയാക്കുന്ന ഈ പറ്റിക്കൽ പരിപാടി അംഗീകരിച്ചു കൊടുക്കാനാവില്ല.

കൗൺസിൽ യോഗത്തിൽ നടന്ന കാര്യങ്ങൾ കൃത്യമായി മിനിട്‌സിൽ രേഖപ്പെടുത്തണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ചെയർമാനോട് ആവശ്യപ്പെടും. ഇതു സംബന്ധിച്ച് കൗൺസിലർ വി.സി. പ്രിൻസിന്റെ നേതൃത്വത്തിൽ നാളെ പരാതി നൽകും. കൗൺസിൽ യോഗത്തിലെ സംഘട്ടനത്തെ പ്രതിപക്ഷം ഒരിക്കലും അംഗീകരിക്കില്ല. കുറ്റക്കാരായ രണ്ടു കൗൺസിലർമാരും സ്ഥാനം രാജിവയ്ക്കണം.തമ്മിലടിച്ചവരെ രക്ഷിക്കാൻ മിനിട്‌സിൽ കൃത്രിമം കാണിച്ച നഗര ഭരണ നേതൃത്വത്തിന്റെ നടപടി അപലപനീയമാണ്. ഈ തെറ്റ് എത്രയും വേഗം തിരുത്തിയില്ലെങ്കിൽ അടുത്ത കൗൺസിൽ യോഗം നടത്താൻ അനുവദിക്കില്ലെന്നും സതീഷ് ചൊള്ളാനി പറഞ്ഞു.