റോഡ് നവീകരണം 9.2 കോടി ചിലവഴിച്ച്
കോട്ടയം: ശാസ്ത്രി റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്ന ജോലികൾ അന്തിമഘട്ടത്തിൽ. റോഡ് നിർമ്മാണം മെയ് 15 നുള്ളിൽ പൂർത്തിയാക്കും. ആധുനിക നിലവാരത്തിൽ ബി.എം.ബി.സി ടാറിംഗിൽ വീതികൂട്ടി റോഡ് ടാർ ചെയ്യുന്നതിനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. റോഡ് ടാർ ചെയ്ത് നടുവിൽ മീഡിയൻ നിർമ്മിക്കുന്നതിനാണ് ഇപ്പോൾ പദ്ധതി തയാറാക്കിയിരിക്കുന്നത്.കഴിഞ്ഞ ജനുവരിയിലാണ് ശാസ്ത്രി റോഡ് വീതികൂട്ടി ടാർ ചെയ്യാൻ പദ്ധതി തയാറാക്കിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ബഡ്ജറ്റ് ഫണ്ടിൽ നിന്നും 9.2 കോടി രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മാണം ആരംഭിച്ചത്.വെള്ളക്കെട്ട് ഒഴിവാക്കാൻ മണ്ണിട്ടുയർത്തിയാണ് ഉന്നത നിലവാരത്തിൽ ടാർ ചെയ്യുന്നത്.റോഡിന്റെ ഒന്നാം ഘട്ട ടാറിംഗ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. റോഡിന് നടുവിലെ പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചിരുന്നു. റോഡിന് നടുവിൽ മീഡിയൻ സ്ഥാപിക്കുന്ന ജോലികളാണ് പൂർത്തിയാകാനുള്ളത്. ഓട നിർമാണവും പുരോഗമിക്കുകയാണ്. നടപ്പാത നിർമ്മാണം ഉൾപ്പെടെ ഉടൻ പൂർത്തിയാക്കിയ ശേഷം മേയ് ആദ്യ വാരത്തോടെ രണ്ടാം ഘട്ട ടാറിംഗ് നടത്താനാണ് തീരുമാനം.
സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കും
ടാറിംഗ് പൂർത്തിയാക്കി ട്രാഫിക് സിഗ്‌നലുകൾ സ്ഥാപിച്ചാൽ റോഡ് ഗതാഗതത്തിന് പൂർണ യോഗ്യമാകും. നിലവിൽ ഇരുവശങ്ങളിലൂടെയും വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും സിഗ്‌നൽ സംവിധാനങ്ങൾ സ്ഥാപിക്കാത്തത് അപകടഭീഷണി ഉയർത്തുന്നു.
ഒന്നര മുതൽ രണ്ടു മീറ്റർ വരെ വീതിയുള്ള വലിയ മീഡിയനാണ് നിർമ്മിക്കുന്നത്. റോഡിനു നടുവിലെ മീഡിയനിലൂടെയാവും വൈദ്യുതി കേബിളുകൾ കടത്തിവിടുക.