കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മാസം നീണ്ട പ്രചാരണം ബാക്കിയാക്കിയത് നൂറ് ടണ്ണിലേറെ മാലിന്യം. ഭിത്തികളിൽ ചിരിച്ചു നിൽക്കുന്ന സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ കൂടാതെയുള്ള മാലിന്യക്കൂമ്പാരത്തിന്റെ കണക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ശുചിത്വ മിഷന്റെ നിർദേശം പൂർണമായും അംഗീകരിച്ച് സ്ഥാനാർത്ഥികളും രാഷ്‌ട്രീയ പാർട്ടികളും ബോർഡുകളും തോരണങ്ങളും 90 ശതമാനവും നീക്കം ചെയ്‌തതോടെ തിരഞ്ഞെടുപ്പ് മാലിന്യത്തിൽ നിന്ന് കോട്ടയം ക്ലീനായി.
ഹരിത തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള നിർദേശങ്ങൾ അടങ്ങിയ കൈപ്പുസ്‌തകം ശുചിത്വ മിഷനും ഹരിത കേരള മിഷനും സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും നൽകിയിരുന്നു. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാലിന്യങ്ങൾ നീക്കം ചെയ്‌തത്.
ജില്ലയിലെ പ്രധാനപ്പെട്ട രാഷ്‌ട്രീയ പാർട്ടികളെല്ലാം തന്നെ വോട്ടെടുപ്പു കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ പ്ലാസ്റ്റിക്ക് തോരണങ്ങളും ബോർഡുകളും നീക്കം ചെയ്‌തിരുന്നു. പ്രചാരണത്തിന് ഉപയോഗിച്ച സാമഗ്രികളും കൊടിതോരണങ്ങളുമെല്ലാം പൊതുസ്ഥലത്തു നിന്ന് അഴിച്ചെടുക്കുകയും സൂക്ഷിക്കേണ്ടവ പാർട്ടി ഓഫീസുകളിലേയ്ക്കും സ്ഥാനാർത്ഥികളുടെ വീടുകളിലേയ്ക്കും മാറ്റുകയും ചെയ്തു. ആവശ്യമില്ലാത്തവ സംസ്‌കരിക്കുകയും ചെയ്‌തു.
മുൻ വർഷങ്ങളിൽ കൂടുതലായും പോളിത്തീനും പ്സാസ്റ്റിക്കും അടങ്ങിയ ഫ്ളക്‌സായിരുന്നു പ്രചാരണത്തിന് ഉപയോഗിച്ചിരുന്നത്. ഹൈക്കോടതി വിധിയെ തുടർന്ന് ഇത്തരം ഫ്ളക്‌സ് ബോർഡുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. തുണിയുടെ അംശം കൂടുതലുള്ള ഫ്ളക്‌സ് ബോർഡുകളാണ് ഇക്കുറി കൂടുതലായും ഉപയോഗിച്ചത്. അതുകൊണ്ടു തന്നെ ഇവ സംസ്‌കരിക്കുന്നതിന് പ്രശ്‌നമുണ്ടായില്ലെന്ന് ശുചിത്വ മിഷൻ അറിയിച്ചു.
രാഷ്ട്രീയ പാർട്ടികൾ സഹകരിച്ചു
തിരഞ്ഞെടുപ്പ് മാലിന്യം പൂർണമായും നീക്കം ചെയ്യാൻ രാഷ്‌ട്രീയ പാർട്ടികൾ സഹകരിച്ചു. തങ്ങളുടെ നിർദേശങ്ങൾ പൂർണമായും പാലിച്ച രാഷ്‌ട്രീയ പാർട്ടികളുടെ പ്രവർത്തനം മാതൃകാപരമാണ്.
ഫിലിപ്പ് ജോസഫ്, ജില്ലാ കോ ഓർഡിനേറ്റർ
ശുചിത്വമിഷൻ