mango

കോട്ടയം: വിപണിയിലെ മാമ്പഴക്കാലത്തിനൊപ്പം കാർബൈഡ് ഭയവും ഉടലെടുത്തു. മൂപ്പെത്താത്ത മാങ്ങ കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ചും നിറവും രുചിയും മാറ്റിയും വിപണിയിലെത്തിക്കുന്നവരെ പിടികൂടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങിയിട്ടില്ല. അതുകൊണ്ട് സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടാനുള്ള വഴിയുണ്ട്.

കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് വിഷമാങ്ങ ഏറെയും എത്തുന്നത്. നല്ല മഞ്ഞ നിറത്തിലുള്ള മാമ്പഴത്തിന്റെ രഹസ്യം ഒറ്റനോട്ടത്തിൽ തിരിച്ചറിയാനേ കഴിയില്ല.
മാങ്ങ നിറച്ച പെട്ടികളിൽ കാത്സ്യം കാർബൈഡ് കടലാസു പൊതികളിലാക്കി വയ്ക്കുകയേ വേണ്ടൂ. ഏത് പച്ചമാങ്ങയും മണിക്കൂറുകൾക്കകം പഴമാവും! മുറികളിൽ മാങ്ങ കൂട്ടിയിട്ടും കാർബൈഡ് പ്രയോഗം നടത്താറുണ്ട്. മുറിയടച്ചിടുന്നതോടെ കാർബൈഡിൽ നിന്നുണ്ടാകുന്ന അസറ്റിലിൻ വാതകത്തിന്റെ ചൂടിൽ മാങ്ങ പഴുത്തുതുടുക്കും. ഒപ്പം കണ്ണഞ്ചിപ്പിക്കുന്ന നിറവും കിട്ടും. മാമ്പഴം മുറിക്കുമ്പോൾ എല്ലായിടത്തും ഒരേ നിറമല്ലെങ്കിൽ കാർബൈഡ് പ്രയോഗിച്ചതാണെന്ന് ഉറപ്പിക്കാം.

 പ്രയോഗം നിരോധിച്ചത്

ഒരു ടൺ മാങ്ങ ഒറ്റരാത്രി കൊണ്ട് പഴുപ്പിക്കാൻ ആവശ്യമായ ഒരു കിലോഗ്രാം കാൽസ്യം കാർബൈഡിന് 100 രൂപ മാത്രമേയുള്ളൂ! സ്വാഭാവികമായുണ്ടാകുന്ന എത്തലിനാണ് പഴങ്ങൾക്ക് മണവും നിറവും നൽകുന്നത്. എന്നാൽ, കാർബൈഡ് പ്രയോഗത്തിൽ ഉണ്ടാകുന്ന അസറ്റിലിൻ വാതകമാണ് മാങ്ങയ്ക്ക് നിറം പകരുന്നത്. ഇത് ആമാശയ കാൻസറിന് കാരണമാകും.

മാമ്പഴത്തിലെ താരങ്ങൾ

നീലം, പ്രിയോർ, സേലം, മൽഗോവ എന്നിവയാണ് രുചിയിൽ മുൻപർ. ആന്ധ്രയാണ് നീലം മാങ്ങയുടെ നാട്. സേലം മാങ്ങകൾ തമിഴ്നാട്ടിലും മൽഗോവ കർണാടകയിലും വിളയുന്നു.

മാങ്ങയുടെ ഗുണങ്ങൾ

 വേനലിൽ ഔഷധം പോലെ

 ദാഹവും വിശപ്പും മാറ്റും

 ഗ്ലൂക്കോസും അടങ്ങിയിട്ടുണ്ട്
 നിർജലീകരണം തടയും
 എല്ലാ അവയവങ്ങൾക്കും നല്ലത്
 മൂത്രച്ചൂടിനും പരിഹാരമാർഗ്ഗം
 രോഗപ്രതിരോധ ശേഷി കൂട്ടും

'' മാമ്പഴം കൂടുതലായി എത്തുന്നതോടെയേ പരിശോധന തുടങ്ങൂ. അപ്പോൾ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും''

പി. ഉണ്ണികൃഷ്ണൻ,​ അസി.കമ്മിഷണർ,​ ഭക്ഷ്യസുരക്ഷാ വിഭാഗം.