കോട്ടയം: സന്ധ്യമയങ്ങിയാൽ വെളിച്ചത്തിന്റെ കണികപോലുമില്ലാത്ത ഈരയിൽക്കടവിൽ വീണ്ടും മാലിന്യംതള്ളൽ. കോഴിക്കടകളിൽ നിന്നും ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യമാണ് ഇപ്പോൾ വൻതോതിൽ ഈരയിൽക്കടവിൽ തള്ളുന്നത്. നേരത്തെ തരിശുകിടന്നിരുന്ന പാടശേഖരങ്ങളിലാണ് മാലിന്യം തള്ളിയിരുന്നത്. എന്നാൽ പാടശേഖരങ്ങളിൽ കൃഷി ആരംഭിച്ചതോടെ റോഡിന് നടുവിൽപോലും മാലിന്യം തള്ളുകയാണ്.

ഈരയിൽക്കടവ് റോഡിലും മുപ്പായിപ്പാടം റോഡിലും നേരത്തെ വ്യാപകമായി മാലിന്യം തള്ളിയിരുന്നു. ഇതേ തുടർന്നാണ് റോഡിൽ ലൈറ്റുകൾ സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതിനായി നടപടികൾ ആരംഭിക്കുകയും ചെയ്തു. പോസ്റ്റുകൾ സ്ഥാപിച്ച് ലൈൻ വലിച്ചെങ്കിലും ഇതുവരെയും റോഡിൽ ലൈറ്റുകൾ സ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിന് മുൻപ് റോഡിൽ ലൈറ്റ് സ്ഥാപിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇതും നടപ്പായില്ല.

തള്ളും, നടുറോഡിൽ

കഴിഞ്ഞ ദിവസം രാത്രിയിൽ ഈരയിൽക്കടവ് റോഡിന് ഒത്തനടുവിലാണ് പ്ലാസ്റ്റിക്ക് ചാക്കിൽക്കെട്ടി മാലിന്യം തള്ളിയത്. വാഹനങ്ങൾ കയറി മാലിന്യം റോഡിൽ ചിതറുകയും ചെയ്തു.ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ അതിരൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്.