കോട്ടയം: പുതുപ്പള്ളിയിലും കോട്ടയത്തും പാർട്ടി പരാജയപ്പെടുമെന്ന് ബൂത്ത് തലത്തിൽ പ്രവർത്തകരിൽ നിന്ന് ലഭിച്ച കണക്കുവെച്ച് സി.പി.എം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ടു ചെയ്തു. ഏറ്റുമാനൂരിൽ മൽസരിച്ച വി. എൻ. വാസവൻ മാത്രമാകും ചെങ്കൊടിയുടെ മാനം കാക്കുക. സി. പി.ഐ മൽസരിച്ച ഏക സീറ്റ് നിലനിർത്തും. ജോസ് കെ. മാണി വിഭാഗം ജില്ലയിൽ എല്ലാ സീറ്റിലും ജയിക്കാം.
കോട്ടയത്ത് സി.പി.എം മത്സരിച്ച ഏറ്റുമാനൂർ, പുതുപ്പള്ളി , കോട്ടയം മണ്ഡലങ്ങളിൽ പ്രകടമായി ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് മറിച്ചുവെന്നാണ് സി.പി. എമ്മിന്റെ വിലയിരുത്തൽ. വോട്ടെടുപ്പ് ദിവസം ഉച്ച കഴിഞ്ഞ് പല ബൂത്തുകളിലും ബി.ജ.പിക്കാരുടെ സാന്നിദ്ധ്യമില്ലായിരുന്നു. കോട്ടയത്ത് 3000ൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷമേ തിരുവഞ്ചൂരിന് ലഭിക്കൂ. വോട്ടു പിടിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു കോട്ടയത്തുണ്ടായിരുന്നതെങ്കിൽ 5000ൽ താഴെ ഭൂരിപക്ഷത്തിൽ അഡ്വ.കെ. അനിൽകുമാർ അട്ടിമറിജയം നേടുമായിരുന്നു. ഏറ്റുമാനൂരിൽ ക്രിസ്ത്യൻ, നായർ വോട്ടുകളുടെ ഏകീകരണമെന്ന പ്രചാരണം ഉണ്ടായെങ്കിലും ചിട്ടയായ പ്രചാരണത്തിലൂടെ അതൊക്കെ മറികടന്നു വി.എൻ.വാസവൻ ജയിക്കും. പതിനായിരത്തിൽ താഴെ ഭൂരിപക്ഷമെങ്കിലും ലഭിക്കും. കോൺഗ്രസ് റിബൽ ലതികാ സുഭാഷിന്റെ സാന്നിദ്ധ്യം വാസവന് സഹായകമായി. പുതുപ്പള്ളിയിൽ ജെയ്ക്ക് സി. തോമസിന് കടുത്ത മത്സരം നടത്താനായെങ്കിലും ഉമ്മൻചാണ്ടി 10000വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കാം
ഇടതു മുന്നണിക്കെതിരെ ശബരിമല വിഷയമായിരുന്നു യു.ഡി.എഫ് പ്രചാരണമാക്കിയതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനും ശ്രമമുണ്ടായി. എന്നാൽ കേരളകോൺഗ്രസ് ജോസ് വിഭാഗം ഇടതു മുന്നണി ഘടകകക്ഷിയായതോടെ ഇത് മറികടക്കാനായി. ജോസ് വിഭാഗം മത്സരിച്ച പാലാ (ഭൂരിപക്ഷം 18500), കടുത്തുരുത്തി (10000), പൂഞ്ഞാർ (10000), കാഞ്ഞിരപ്പള്ളി (15000), ചങ്ങനാശേരി (5000) മണ്ഡലങ്ങളിൽ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും. സി.പി.ഐയിലെ സി.കെ ആശ മത്സരിച്ച വൈക്കത്ത് ലീഡ് 20000നു മുകളിൽ കടക്കുമെന്നുമാണ് വിലയിരുത്തൽ.
വൈക്കമൊഴികെ യു. ഡി. എഫ് ജയിക്കും
യു.ഡി. എഫ് എട്ടു മണ്ഡലങ്ങളിൽ വിജയം ഉറപ്പാണ്. വൈക്കത്ത് നല്ല മത്സരം കാഴ്ചവെച്ചു. തോൽക്കുമെന്നുറപ്പാകുമ്പോൾ എന്നും പറയാറുള്ളതാണ് ബി.ജെ.പി വോട്ടുമറിക്കൽ വിവാദം. പുതുപ്പള്ളിയിലും കോട്ടയത്തും യു.ഡി.എഫിന് ഒരു വെല്ലുവിളിയും ഉയർത്താൻ ഇടതു മുന്നണിക്കായില്ല . അതേസമയം പാലായിലടക്കം മറ്റ് എല്ലാ മണ്ഡലങ്ങളിൽ കടുത്ത വെല്ലുവിളി ഉയർത്താൻ യു.ഡി.എഫിന് കഴിഞ്ഞു.
ജോഷി ഫിലിപ്പ് , ഡി.സി.സി പ്രസിഡന്റ്
സി. പി. എമ്മിന്റെ കണക്ക്
ജോസ് വിഭാഗം -5
സി.പി. എം. -1
സി.പി. ഐ. -1