നാട്ടിൻപുറങ്ങളിൽ വില കിലോയ്ക്ക് 25 രൂപ നിരക്കിൽ
മുണ്ടക്കയം: ആർക്കും വേണ്ടാതെ തൊടിയിൽ പഴുത്ത് വീഴുന്ന ചക്കപ്പഴം... അതൊരു കാലം. വർഷങ്ങൾ കടന്നുപോയി. കാലം മാറിയപ്പോൾ ചക്കയ്ക്ക് ഇന്ന് വി.ഐ.പി പരിവേഷമാണ്. മലയാളികളുടെ തൊടികളിൽ നിന്ന് ചക്ക മറുനാട്ടിലേക്ക് എത്തുകയാണ്... അതും പൊന്നുവിലയിൽ. ദിനംപ്രതി ലോഡ് കണക്കിന് ചക്കയാണ് കേരളത്തിൽനിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിയയ്ക്കുന്നത്. ജില്ലയുടെ മലയോര പ്രദേശമായ കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം മേഖലകളിലെ ചക്കയ്ക്കാണ് മറുനാട്ടിൽ ഏറെ ഡിമാൻഡ്. ഇവിടെ നിന്ന് മാത്രം ദിനംപ്രതി ഇരുനൂറ് ടണ്ണിലേറെ ചക്കയാണ് അന്യസംസ്ഥാനങ്ങളിലേക്ക് എത്തുന്നത്. പ്രധാനമായും തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലേക്കാണ് ലോഡുകൾ പോകുന്നത്. ഒരു കിലോ ചക്ക 25 രൂപ നിരക്കിലാണ് നാട്ടിൽപുറങ്ങളിൽ പോലും വിപണനം നടത്തുന്നത്. ശരാശരി ഒരു ചക്കയ്ക്ക് 200 രൂപ മുതൽ വില ലഭിക്കും. എന്നാൽ കർഷകന് 30 രൂപ മുതൽ 50 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. ചക്ക മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കാൻ ജില്ലകൾ കേന്ദ്രീകരിച്ച് ഇടനിലക്കാരും പ്രവർത്തിക്കുന്നുണ്ട്.
വിയറ്റ്‌നാം ഏർലി
ചക്കയുടെ വിപണി സാധ്യത മുന്നിൽകണ്ട് ഉയരം കുറഞ്ഞ വിയറ്റ്‌നാം ഏർലി പ്ലാവിൻ തൈകൾ കൃഷി ചെയ്യുന്നത് കേരളത്തിൽ വ്യാപകമാണ്. നഴ്സറികൾ മുഖേനയാണ് വിയറ്റ്‌നാം ഏർലി പ്ലാവിൻ തൈകൾ വിറ്റഴിക്കുന്നത്. വിയറ്റ്‌നാം ഏർലി പ്ലാവിൻ തൈകളുടെ കടന്നുവരവ് വരുംനാളുകളിൽ കേരളത്തിൽ ഉൽപാദനം വൻതോതിൽ വർദ്ധിക്കാൻ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.