കട്ടപ്പന: ചെമ്പകപ്പാറ-പള്ളിക്കാനം-തമ്പാൻസിറ്റി റോഡിലെ ഗർത്തങ്ങൾ വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. പള്ളിക്കാനത്തിന് സമീപം ഇറക്കത്താണ് കഴിഞ്ഞദിവസത്തെ മഴയിൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. മുമ്പ് പാറപ്പൊടി ഉപയോഗിച്ച് റോഡിലെ കുണ്ടും കുഴിയും നികത്തിയിരുന്നു. എന്നാൽ കഴിഞ്ഞദിവസത്തെ മഴയിൽ പാറപ്പൊടി ഒലിച്ചുപോയതോടെയാണ് വലിയ കുഴികൾ രൂപപ്പെട്ടത്. ഉരുളൻകല്ലുകൾ ഇളകിക്കിടക്കുന്നത് ഇരുചക്ര വാഹനയാത്രികർക്കും ഭീഷണിയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള പാതയിലൂടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ പോകുന്നത്. ഓടകളില്ലാത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് പ്രധാനകാരണം. ഓടകൾ നിർമിച്ച് റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.