നെടുംകുന്നം: ജലവിതരണവകുപ്പ് ഓഫീസിന് സമീപം മാലിന്യം കുന്നുകൂടിയ നിലയിൽ.
പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങളാണ് ജലവിതരണവകുപ്പ് ഓഫീസിനോട് ചേർന്ന് സൂക്ഷിക്കുന്നത്. പഞ്ചായത്ത് കെട്ടിടത്തിലെ ഓഫീസിനോട് ചേർന്നുള്ള മുറിയിലാണ് മാലിന്യങ്ങൾ സൂക്ഷിക്കുന്നത്. ഇതോടെ ഓഫീസിലെ ജീവനക്കാർ ഉൾപ്പെടെ ദുരിതത്തിലാണ്. ഇതിനോടനുബന്ധിച്ചാണ് ഗാന്ധിസ്മാരക വായനശാല, കൃഷിഭവൻ തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. പഞ്ചായത്ത് മാർക്കറ്റിനുള്ളിൽ അഞ്ചോളം മുറികൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഇവിടെ മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നത്.