ചങ്ങനാശേരി: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി നഗരത്തിലെ തോടുകൾ വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുന്നു. നഗരത്തിലെ ഉമ്പിഴിച്ചിറ, താമരശേരി, ആവണി, മറ്റം തോട്, വാലുമ്മേൽച്ചിറ, ആറ്റുവാക്കേരി, മാളേയ്ക്കൽ, കാക്കാംതോട് തുടങ്ങിയ തോടുകളിലെ പായലും പോളയും മാലിന്യവും നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. നഗരസഭയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ 15 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ചാണ് ശുചീകരണം നടത്തുന്നത്. ഉമ്പിഴിച്ചിറ തോടിന്റെ റെയിൽവേ സ്റ്റേഷന് സമീപത്തെ ഭാഗത്തെ പോളയും മാലിന്യവും വാലുമ്മേച്ചിറ, ആറ്റുവാക്കേരി തോടുകളിലെ മാലിന്യവും ജെസിബിയുടെ സഹായത്തോടെയാണ് നീക്കുന്നത്. കുന്നക്കാട് ഭാഗത്തെ തോട്ടിലെ മാലിന്യനീക്കം അടുത്തമാസം പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം.

വെള്ളക്കെട്ട് ഒഴിവാക്കും

നഗരത്തിലെ പ്രധാന ഓടകളിലെ മാലിന്യം നീക്കി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കരുതൽ നടപടികൾ രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കുമെന്ന് നഗരസഭാധികൃതർ ചൂണ്ടിക്കാട്ടി. എന്നാൽ തോടുകളിൽ നിന്നും വരുന്ന മാലിന്യം നിക്ഷേപിക്കാൻ സ്ഥലം കണ്ടെത്താൻ കഴിയാത്തത് നഗരസഭാധികൃതരെ പ്രതിസന്ധിയിലാക്കുകയാണ്.