അടിമാലി: പ്ലാമലയിൽ നിയമവിരുദ്ധമായി ഏലം വെട്ടുകയും ജെണ്ട സ്ഥാപിക്കുകയും ചെയ്ത സംഭവത്തിൽ ജനപ്രതിനിധികളെയും കൃഷിക്കാരെയും മർദിച്ച പൊലീസ് വനംവകുപ്പ് നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെയും കർഷക രക്ഷാസമിതിയുടെയും നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കർഷക പ്രതിനിധി അജിത്ത് അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി കെ .കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഇരുന്നൂറ് വർഷത്തെ പഴക്കം ജില്ലയിലെ ഏലം കൃഷിക്കുണ്ട്. വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെയും മന്ത്രിമാരുടെയും സാന്നിദ്ധ്യത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കാതെ അനധികൃതമായി വ്യാപകമായി കൃഷി നശിപ്പിക്കുകയും ജനപ്രതിനിധികളെ അടക്കം മർദിച്ച നടപടി പ്രതിഷേധാർഹമാണ്. ഇത്തരത്തിൽ കർഷകരുടെ സ്വത്തിനും വിളകൾക്കും എതിരെ നിൽക്കുന്ന വനംവകുപ്പിന്റെ കാടത്തത്തിനെതിരെ കർഷക രക്ഷ സമിതിയുടെയും എല്ലാ രാഷ്ട്രീയ, കർഷക സംഘടനകളുടെയും നേതൃത്വത്തിൽ വനിതകളടക്കം രംഗത്ത് വന്ന് സമരം സംഘടിപ്പിക്കണമെന്നും കെ കെ ജയചന്ദ്രൻ പറഞ്ഞു നേതാക്കളായ കെ .വി .ശശി, ടി കെ ഷാജി, കെ എം ഷാജി, കെ ബി വരദരാജൻ, സി ഡി ഷാജി, എം എം കുഞ്ഞുമോൻ, മാത്യു ഫിലിപ്പ് പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ്‌കുമാർ എന്നിവർ സംസാരിച്ചു.