ശാന്തൻപാറ: നിയമ സഭ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് സ്വദേശി കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നു എന്നാരോപിച്ച് പ്രിസൈഡിംഗ് ഓഫിസർക്ക് പരാതി നൽകിയ കോൺഗ്രസ് പ്രവർത്തകരെ തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ വച്ച് ആക്രമിച്ചതായി പരാതി. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. തമിഴ്‌നാട് സ്വദേശി അവിടെ വോട്ട് ചെയ്ത ശേഷം അതിർത്തി കടന്ന് കേരളത്തിലെത്തി ചേരിയാറിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. ബൂത്തിലെ കോൺഗ്രസ് ഏജന്റ് ഇത് എതിർക്കുകയും കോൺഗ്രസ് നേതാക്കൾ പരാതി നൽകുകയും ചെയ്തു. തുടർന്നുണ്ടായ നേരിയ സംഘർഷം പൊലീസ് ഇടപെട്ട് അവസാനിപ്പിച്ചു. 2 ദിവസം കഴിഞ്ഞ് തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ എത്തിയ ശാന്തൻപാറ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ള കോൺ ഗ്രസ് പ്രവർത്തകരെ ഒരു സംഘമാളുകൾ ആക്രമിച്ചു. ഇവർ സി.പി.എം പ്രവർത്തകരാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. ബോഡിനായ്ക്കന്നൂർ പൊലീസ് എത്തിയാണ് കോൺഗ്രസ് പ്രവർത്തകരെ ഇവിടെ നിന്ന് രക്ഷപെടുത്തിയത്. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ ശാന്തൻപാറ പൊലീസിൽ പരാതി നൽകി. എന്നാൽ തുടർനടപടികൾ ഉണ്ടായില്ലെന്നും ആക്രമണത്തിന് ഇരയായ കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ശാന്തൻപാറ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഡീൻ കുര്യാക്കോസ് എംപി മാർച്ച് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, ഇ.എം.ആഗസ്തി, എം.എൻ.ഗോപി, സേനാപതി വേണു, തോമസ് രാജൻ, റെജി പനച്ചിക്കൽ, കെ.കെ.മോഹനൻ, ബെന്നി പാലക്കാട്ട്, കെ.എസ്.അരുൺ, ബോസ് പുത്തയത്ത്, എസ്.വനരാജ് എന്നിവർ നേതൃത്വം നൽകി.