jenda

അടിമാലി: പീച്ചാട് പ്ലാമല മേഖലയിൽ വനംവകുപ്പ് നടത്തുന്ന ജെണ്ട സ്ഥാപിക്കൽ നടപടിക്കെതിരെ കർഷകരുടെ ഭാഗത്തു നിന്നും പ്രതിഷേധം കടുക്കുന്നു. പ്രദേശത്തേക്ക് പോകാനായി വനപാലകർ എത്തിയതോടെ പ്ലാമല സിറ്റിയിൽ കർഷകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.കർഷകർ പ്രതിഷേധത്തിൽ നിന്നും പിൻമാറാൻ തയ്യാറാകാതെ വന്നതോടെ പൊലീസെത്തുകയും സംഭവം പിന്നീട് ബലപ്രയോഗത്തിൽ കലാശിക്കുകയും ചെയ്തു.ജനപ്രതിനിധികൾ ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്ത പത്തിലധികം പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചു.രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ത്രിതല പഞ്ചായത്ത് പ്രതിനിധികളും മറ്റ് കർഷകരും പ്രതിഷേധവുമായി സ്റ്റേഷനിലെത്തി.പിന്നീട് കസ്റ്റഡിയിലെടുത്തവരെ പൊലീസ് വിട്ടയച്ചു.പൊലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്ന് ജനപ്രതിനിധികൾ ആരോപിച്ചു.വനംവകുപ്പ് പ്രദേശത്ത് അന്യായമായ ഇടപെടൽ നടത്തുന്നുവെന്നും വനംവകുപ്പുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള നടപടി നിർത്തിവയ്ക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.വെള്ളിയാഴ്ച്ച രാവിലെയായിരുന്നു പ്ലാമലമേഖലയിൽ ജെണ്ടകൾ സ്ഥാപിക്കുന്ന നടപടികളുമായി വനംവകുപ്പ് രംഗത്തെത്തിയത്.ജെണ്ടകൾ സ്ഥാപിച്ചതിനൊപ്പം പ്രദേശത്തെ ഏലച്ചെടികളും വനംവകുപ്പുദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചു.കഴിഞ്ഞ ഏതാനും നാളുകളായി പ്രദേശത്ത് കർഷകരും വനംവകുപ്പും തമ്മിൽ ഭൂമിയുടെ ഉടമസ്ഥതയുടെ കാര്യത്തിൽ വലിയ തർക്കം നിലനിൽക്കുകയാണ്.