stadium

പാലാ: പാലാ മുനിസിപ്പൽ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ വീണ്ടും വിവാദം. സ്റ്റേഡിയത്തിലെ കംഫർട്ട് സ്റ്റേഷനെച്ചൊല്ലിയാണ് മുമ്പ് വിവാദമുയർന്നതെങ്കിൽ ഇത്തവണ പ്രശ്‌നം ബാസ്‌ക്കറ്റ് ബാൾ കോർട്ടിന്റെ പേരിലാണ്.

സ്റ്റേഡിയത്തിൽ പുതുതായി നിർമ്മിച്ച ബാസ്‌ക്കറ്റ് ബാൾ കോർട്ടിന്റെ ഉദ്ഘാടനം ഇന്നലെ നിശ്ചയിച്ചിരുന്നു. എന്നാൽ ഇതൊരു ക്ലബിന്റെ നേതൃത്വത്തിൽ സ്റ്റേഡിയം കൈയേറി നടത്തിയ അനധികൃത നിർമ്മാണമാണെന്ന പരാതിയുമായി ചിലർ രംഗത്തെത്തിയതോടെ ഉദ്ഘാടനം മാറ്റിവെച്ചു. ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷനാകേണ്ടിയിരുന്ന നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറെക്കര 'തനിക്കിതിനെ കുറിച്ച് ഒരു അറിവുമില്ല' എന്ന് പറഞ്ഞ് കൈയൊഴിഞ്ഞതോടെ ബാസ്‌ക്കറ്റ് ബാൾ കോർട്ട് നിർമ്മിച്ച പാലാ ചലഞ്ചേഴ്‌സ് ബാസ്‌ക്കറ്റ് ബാൾ ക്ലബ് പ്രവർത്തകർ വെട്ടിലായി.

സംഭവം വിവാദമായതോടെ നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി, യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആർ. വി. എന്നിവരുടെ നേതൃത്വത്തിൽ യു.ഡി.എഫ് സംഘം സ്ഥലം സന്ദർശിച്ചു. നഗരസഭാ വക മുനിസിപ്പൽ സ്റ്റേഡിയത്തിൽ സ്വകാര്യ ക്ലബ് ബാസ്‌ക്കറ്റ് ബോൾ കോർട്ട് നിർമ്മിച്ചത് ഗുരുതരമായ നിയമ ലംഘനമാണെന്നും ഇക്കാര്യത്തിൽ പ്രതിഷേധിക്കുമെന്നും ഇരുവരും പറഞ്ഞു.

അതേസമയം പാവപ്പെട്ട കുട്ടികൾക്ക് ബാസ്‌ക്കറ്റ് ബോൾ കളിക്കാൻ ഒരിടം എന്ന നിലയിലാണ് കോർട്ടുണ്ടാക്കിയതെന്ന് പാലാ ചലഞ്ചേഴ്‌സ് ബാസ്‌ക്കറ്റ് ബാൾ ക്ലബ് ഭാരവാഹികൾ പറഞ്ഞു. എട്ടര ലക്ഷത്തോളം രൂപ പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്താണ് കോർട്ട് നിർമ്മിച്ചതെന്നും ക്ലബ് ഭാരവാഹികൾ പറഞ്ഞു.

 എല്ലാം റദ്ദാക്കി

8 വർഷം മുമ്പ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന്റെ നിർമ്മാണഘട്ടത്തിൽ ബാസ്‌ക്കറ്റ് ബാൾ കോർട്ട് പൊളിച്ചുകളഞ്ഞിരുന്നു. പിന്നീട് പുതുതായി കോർട്ട് പണിയാൻ അന്നത്തെ മുനിസിപ്പൽ അധികാരികൾ തയ്യാറായില്ലെന്നും ചലഞ്ചേഴ്‌സ് ക്ലബ് പ്രവർത്തകർ പറയുന്നു. ഇന്ത്യൻ ബാസ്‌ക്കറ്റ് ബാൾ ടീം മുൻ ക്യാപ്ടൻ സി.വി.സണ്ണിയെയായിരുന്നു ബാസ്‌ക്കറ്റ് ബാൾ കോർട്ട് ഉദ്ഘാടകനായി നിശ്ചയിച്ചത്. പ്രദർശന മത്സരവും കുട്ടികൾക്കായി ക്യാമ്പും സംഘടിപ്പിച്ചിരുന്നു. സംഭവം വിവാദമായതോടെ എല്ലാം റദ്ദാക്കി.