വൈക്കം : വേമ്പനാട്ടു കായലിൽ മത്സ്യബന്ധനത്തിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. നേരേകടവ് നാഗംപൂഴിക്കാട് സന്തോഷ് (52) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചിന് വേമ്പനാട്ട് കായലിൽ വള്ളത്തിൽ വലയിടുന്നതിനിടയിലാണ് സന്തോഷ് കുഴഞ്ഞുവീണത്. ഉടൻ കൂടെയുണ്ടായിരുന്നയാൾ വളരെ പണിപ്പെട്ട് സന്തോഷിനെ കരയിലെത്തിച്ചു. വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഉച്ചകഴിഞ്ഞ് 3.15 ഓടെ മരിച്ചു. സംസ്‌കാരം ഇന്ന് കൊവിഡ് പരിശോധനയ്ക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും. ഭാര്യ : സരസ്വതി. മക്കൾ : അശ്വതി , ആതിര.