പാലാ:സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസിന്റെ മുതിർന്ന നേതാവും സൈദ്ധാന്തികനും ചരിത്രകാരനുമായിരുന്ന കെ.എം ചുമ്മാറിന് നാടിന്റെ അന്ത്യാഞ്ജലി. അനുശോചനം അർപ്പിക്കുന്നതിനും സംസ്‌കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് എത്തിയത്. ഭവനത്തിൽ നടന്ന ശുശ്രൂഷകൾക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും വേഴാങ്ങാനം സെന്റ് ജോസഫ്‌സ് പള്ളിയിൽ നടന്ന സംസ്‌കാരശുശ്രൂഷകൾക്ക് രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കനും കാർമ്മികത്വം വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആന്റോ ആന്റണി എംപി, തോമസ് ചാഴികാടൻ എം പി, വി.എം.സുധീരൻ, തിരുവഞ്ചൂർ രാധാകൃഷണൻ, പി.സി.ജോർജ്, പി.ടി.തോമസ്, കെ.സി.ജോസഫ്, വി.ടി.സജീന്ദ്രൻ, ജോസ്. കെ. മാണി, മാണി സി കാപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ടോമി കല്ലാനി, സജി മഞ്ഞക്കടമ്പിൽ, ജോഷി ഫിലിപ്പ്, ജയിംസ് ജോസഫ് തുടങ്ങിയവർ ഭവനത്തിലെത്തി അനുശോചനം അർപ്പിച്ചു. സംസ്‌കാര ശുശ്രൂഷകൾക്കു ശേഷം പാരീഷ് ഹാളിൽ ചേർന്ന അനുശോചന യോഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ടോമി ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു.