poovu-

ചങ്ങനാശേരി: വിഷുക്കാലത്തിന്റെ വരവറിയിച്ച് യാത്രക്കാരിൽ കണ്ണിനും മനസ്സിനും കുളിർമ പകരുകയാണ് വഴിയോരങ്ങളിൽ പൂത്തുലഞ്ഞ് നിൽക്കുന്ന കണിക്കൊന്ന കൂട്ടങ്ങളും പാതയോരങ്ങളിലെ കൃഷ്ണ വിഗ്രഹങ്ങളും. കൊവിഡ് ഭീതിയിലും ആകുലതകൾക്കിടയിലും ഐശ്വര്യത്തിന്റെ പുതുനാമ്പുകളേകി വിഷുവിനെ വരവേൽക്കാൻ കണിക്കൊന്നകൾ പൂത്തൊരുങ്ങി. മുൻ വർഷം വിഷുക്കണി ആഘോഷം കൊവിഡിലും ലോക്ക് ഡൗണിലും മുങ്ങി. ഇത്തവണ പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്ത് വിഷുക്കണി ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോ മലയാളിയും.

പൂത്തുലഞ്ഞ് കണിക്കൊന്നകളും

ഇത്തവണ ഇടയ്ക്കിടെ വേനൽമഴ ലഭിച്ചതിനാൽ വ്യാപകമായി കൊന്ന പൂത്തു. കടുത്ത വേനലിലും മേടമാസത്തിൽ കാർഷികസമൃദ്ധിയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും ലക്ഷണമായാണ് കൊന്ന പൂക്കുന്നതിനെ പഴമക്കാർ കണ്ടിരുന്നത്. കേരളത്തിന്റെ ഔദ്യോഗികപുഷ്പമാണിത്. പാതയോരങ്ങൾ സഞ്ചാരികൾക്ക് നിറയെ പൂത്തു നിൽക്കുന്ന കൊന്നകൾ വിരുന്നൊരുക്കുകയാണ്. സാധാരണ ഏപ്രിൽ മാസത്തോടെയാണു കണിക്കൊന്ന പൂക്കുന്നതെങ്കിലും വേനൽ ചൂട് അധികമായതോടെ ഈ വർഷം മാർച്ച് തുടക്കത്തിൽ തന്നെ കണിക്കൊന്നകൾ പൂത്തു. കാലം തെറ്റിയും കണിക്കൊന്ന പൂക്കാറുണ്ട്. വിഷുവിന് ഏതാനും ദിവസങ്ങൾ ബാക്കിനിൽക്കേ കണിക്കൊന്ന പൂർണ്ണമായും പൂത്ത് നിൽക്കുന്ന സ്ഥിതിയാണ്. ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴ ആശ്വാസമായി എത്താറുണ്ടെങ്കിലും കനത്ത കാറ്റും മഴയും പൂവുകൾ പൂർണ്ണമായും കൊഴിഞ്ഞു പോകുന്നതിന് ഇടയാക്കുന്നുണ്ട്. കൂടാതെ, മുൻപൊക്കെ എല്ലാ വീടുകളിലും സുലഭമായിരുന്ന കണിക്കൊന്ന ഇന്ന് ചുരുക്കം ചില വീടുകളിലെ കാണാനുള്ളൂ. വിഷുവിന് രണ്ട് ദിവസം മുൻപ് കണിവെയ്ക്കാനുള്ള പൂവുകളുമായി കച്ചവടക്കാരും വിപണിയിൽ എത്തും.


പാതയോരങ്ങളിൽ അണിഞ്ഞ് ഒരുങ്ങി കൃഷ്ണന്മാർ

മലയാളികൾക്ക് കണി കാണാൻ കൃഷ്ണന്മാർ പാതയോരങ്ങളിൽ അണിഞ്ഞ് ഒരുങ്ങി നിൽക്കുകയാണ് പല വർണ്ണങ്ങളിൽ. 100 രൂപ മുതലുള്ള വിഗ്രഹങ്ങൾ ലഭ്യമാണ്. കറുപ്പ്, നീല, ചന്ദനം, വിവിധ നിറത്തിലുള്ളതും പല വലുപ്പത്തിലുള്ള വിഗ്രഹങ്ങൾ വിപണിയിൽ സജീവമാണ്. 120, 180, 350,450, 550 എന്നിങ്ങനെയാണ് വിലനിലവാരം. കൊവിഡ് വിപണിയെയും ബാധിച്ചിട്ടുണ്ടെങ്കിലും ആളുകൾ വാങ്ങുന്നതിനായി എത്തുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. വൈക്കം തലയോലപ്പറമ്പിലാണ് വ്യാപകമായി വിഗ്രഹങ്ങൾ നിർമ്മിയ്ക്കുന്നത്. ഇവിടെ നിന്നുമാണ് ജില്ലയുടെ പലഭാഗങ്ങളിലേയ്ക്കും വിൽപ്പനയ്ക്കായി വിഗ്രഹങ്ങൾ കൊണ്ടുപോകുന്നത്. നീല വർണ്ണത്തിലുള്ള കണ്ണനാണ് പ്രിയം കൂടുതലെങ്കിലും വർണവ്യത്യസമുള്ളവയ്ക്കും ആവശ്യക്കാരുണ്ട്.

കണിവെള്ളരികൾ മാർക്കറ്റിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു

കണി കാണുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കണിവെള്ളരി തന്നെയാണ് ഇത്തവണയും വിപണികളിലെ താരം. മഞ്ഞയും ചുവപ്പും കലർന്ന കണിവെള്ളരികൾ മാർക്കറ്റിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. വിഷുസമയത്ത് വില കൂടാൻ സാധ്യതയുണ്ടെന്നതിനാൽ ദിവസങ്ങൾക്കു മുമ്പുതന്നെ കണിവെള്ളരി വാങ്ങാനെത്തുന്നവരുടെ തിരക്ക് വർധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നാണ് വിപണിയിലേക്ക് കണിവെള്ളരികൾ എത്തുന്നത്. കണിവെള്ളരിയില്ലാതെ വിഷുവില്ലാത്തതിനാൽ വിഷുവിന്റെ തലേദിവസം വരെ കണിവെള്ളരിക്ക് ആവശ്യക്കാരുണ്ടാകുമെന്ന കാര്യത്തിൽ കച്ചവടക്കാർക്ക് ഒട്ടും ആശങ്കയില്ല. ഇത്തവണ 24 രൂപയാണ് കണിവെള്ളരിയുടെ വില. വിലയ്ക്കനുസരിച്ച് വെള്ളരിയുടെ വലുപ്പത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്.