bjp

കോട്ടയം: കോട്ടയത്ത് ബി.ജെ.പി വോട്ടുകൾ പല മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് മറിച്ചുകൊടുത്തുവെന്നും ബി.ഡി.ജെ.എസ് പ്രവർത്തനം നിർജീവമായിരുന്നുവെന്നുമുള്ള ആരോപണം ശക്തമായതോടെ സംസ്ഥാന നേതൃത്വം വിശദീകരണം തേടി.

ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി എം.പി .സെൻ മത്സരിച്ച പൂഞ്ഞാറിൽ ബി.ജെ.പിയുടെ വോട്ടുകൾ വലിയ തോതിൽ ലഭിച്ചതായുള്ള പി.സി ജോർജിന്റെ വെളിപ്പെടുത്തലും

കോട്ടയം, പുതുപ്പള്ളി , ഏറ്റുമാനൂർ മണ്ഡലങ്ങളിൽ ബി.ജെ.പി, യു.ഡി.എഫിന് വോട്ട് വിറ്റുവെന്ന സി.പി.എം ജില്ലാ നേതൃത്വത്തിന്റെ ആരോപണവുമാണ് ബി.ജെ.പി. ജില്ലാ നേതൃത്വത്ത സംശയ നിഴലിൽ നിർത്തുന്നത്.

പല ബൂത്തുകളിലും വോട്ടെടുപ്പ് ദിവസം ഉച്ചകഴിഞ്ഞ് ബി.ജെ.പി പ്രവർത്തകരുടെ സാന്നിദ്ധ്യമില്ലായിരുന്നു . 50 ലക്ഷം രൂപ വീതം പ്രചാരണത്തിന് നൽകിയെങ്കിലും അതിനുള്ള പ്രചാരണം പല മണ്ഡലങ്ങളിലും ഉണ്ടായില്ല.

കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ പ്രചാരണത്തിൽ ബി.ജെ.പി നേതാക്കളുടെ പിന്തുണ ലഭിച്ചില്ല. അറിയപ്പെടുന്ന പല നേതാക്കളെയും മറ്റു മണ്ഡലങ്ങളിൽ പ്രചാരണത്തിന് വിട്ടു. യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണന് വൻ തോതിൽ ബി.ജെ.പി വോട്ടുകൾ മറിച്ചു കൊടുത്തു. മിനർവ മോഹൻ ദേശീയ, സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ സ്ഥാനാർത്ഥിയായത് ഇഷ്ടപ്പെടാത്തവർ തുടക്കം മുതൽ പ്രചാരണത്തിൽ നിന്നു വിട്ടുനിന്നു. സ്വീകരണ യോഗങ്ങളിലും ഇത് പ്രകടമായി. ബൂത്തുകമ്മിറ്റികൾ നിർജീവമായിരുന്നു. പല ബൂത്തുകളിലും ഇരിക്കാൻ ആളില്ലായിരുന്നു.

എം.പി സെൻ മത്സരിച്ച പൂഞ്ഞാറിലും ഇതായിരുന്നു അവസ്ഥ. എന്നാൽ പൂഞ്ഞാറിൽ ബൂത്തിൽ ഇരിക്കാൻ ബി.ഡി.ജെ.എസ് പ്രവർത്തകർ ഇല്ലായിരുന്നുവെന്ന് ആരോപിച്ച് മുഖം രക്ഷിക്കാനാണ് ബി.ജെ.പി ജില്ലാ നേതാക്കൾ ശ്രമിച്ചത്.

ഏറ്റുമാനൂരിലും പൂഞ്ഞാറിലും ബി.ഡി.ജെ.എസിന് സീറ്റു നൽകിയെങ്കിലും ഏറ്റുമാനൂരിൽ സ്ഥാനാർത്ഥി നിർണയത്തിൽ സി.പി.എം ഇടപെടൽ ഉണ്ടായി എന്നാരോപിച്ച് ബി.ജെ.പി ഏറ്റുമാനൂർ സീറ്റ് പിടിച്ചെടുത്ത് മത്സരിക്കുകയായിരുന്നു . ബി.ജെ.പി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യൂ പൂഞ്ഞാറിൽ പത്രിക നൽകിയെങ്കിലും അവസാനം പിൻവലിച്ചു . ഇത് പ്രവർത്തകരിൽ ആശയകുഴപ്പ മുണ്ടാക്കിയെന്നാണ് ബി.ഡി.ജെ.എസ് വിശദീകരിക്കുന്നത്.