വൈക്കം : ടി.വി.പുരം പഴുതുവള്ളി ക്ഷേത്രത്തിന് സമീപത്തെ പഴുതുവള്ളി പാലം വീതി കൂട്ടി പുനർനിർമ്മിക്കുന്നതിനായി തീർത്ത മുട്ടുകൾ നിർമ്മാണം വൈകുന്ന സാഹചര്യത്തിൽ പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമായി. മുട്ടുപൊളിക്കാത്തതിനാൽ ഒരു മാസമായി കക്കാവാരൽ തൊഴിലാളികൾ പണിക്ക് പോകാനാവാതെ ദുരിതത്തിലാണ്. കരിയാറിൽ നിന്നാരംഭിച്ച് വേമ്പനാട്ടുകായലിൽ അവസാനിക്കുന്ന പഴുതുവള്ളിതോട് കായലിൽ സംഗമിക്കുന്ന ഭാഗത്താണ് പാലം പുനർനിർമ്മിക്കേണ്ടത്. തൊഴിലാളികളുടെ 80 ഓളം വള്ളങ്ങളാണ് പാലത്തിന് സമീപം കെട്ടിയിട്ടിരിക്കുന്നത്. കായലോരത്തിടുന്ന വള്ളങ്ങൾ കായലിലെ ശക്തമായ ഓളത്തിൽ കരിങ്കൽക്കെട്ടിൽ തട്ടി കേടുപാട് സംഭവിക്കുന്നുണ്ട്.
തലച്ചുമടായി
കായലിൽ നിന്ന് വാരിക്കൊണ്ടുവരുന്ന കക്ക വള്ളത്തിൽ വീടുകൾക്കു സമീപം കെട്ടിയ കക്ക പുഴുങ്ങൽ കേന്ദ്രത്തിലെത്തിക്കാൻ കഴിയാത്തതിനാൽ തലച്ചുമടായി കൊണ്ടു പോകുകയാണ്. കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ വീതി കുറഞ്ഞ പാലത്തിലൂടെ ഗതാഗതം സാദ്ധ്യമല്ലെന്ന നാട്ടുകാരുടെ പരാതിയുടെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.നിർമ്മാണത്തിന് മുന്നോടിയായി പാലത്തിന് മുന്നിലും പിറകിലും തോടിനു കുറുകെ മുട്ട് സ്ഥാപിച്ചപ്പോൾ പണി നഷ്ടമാകുന്ന സാഹചര്യത്തിലും തൊഴിലാളികൾ സഹകരിച്ചു. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ല. കക്ക വാരൽ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തു വന്നതോടെ മുട്ടുകളുടെ കുറച്ചു ഭാഗം പൊട്ടിച്ചു വെള്ളമൊഴുകുന്നതിന് കരാറുകാരൻ സൗകര്യമൊരുക്കി.
കക്ക വാരി നിറച്ച വള്ളങ്ങൾ തോട്ടിലൂടെ കടന്നുപോകണമെങ്കിൽ മുട്ടുപൊളിച്ച് നീക്കേണ്ടിവരു. നൂറുകണക്കിന് കുടുംബങ്ങളാണ് ഇതോടെ ദുരിത്തിലായത്
രാജപ്പൻ, തൊഴിലാളി