election

മഴ തോർന്നിട്ടും മരം പെയ്യുന്നെന്നു പറയുന്നതു പോലാണ് വോട്ടെടുപ്പ് കഴിഞ്ഞിട്ടും അതേ ചൊല്ലിയുള്ള ചർച്ച . വോട്ടർമാർ തങ്ങൾക്ക് ഇഷ്ടമുള്ള സ്ഥാനാർത്ഥികൾക്ക് വോട്ടുചെയ്തുവെങ്കിലും ആർക്കൊക്കെ എന്നറിയാൻ മേയ് രണ്ടു വരെക്കാണ് കൂടുതൽ സീറ്റെന്ന് അവകാശപ്പെടാം.

നേരത്തേ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ എക്സിറ്റ് പോൾ ഏർപ്പാട് ഉണ്ടായിരുന്നു. ചിലതു തെറ്റും. ചിലതു ശരിയാകും. മറ്റു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പൂർത്തിയാകാത്തതിനാൽ എക്സിറ്റിന് അനുമതിയില്ല. ഇവിടെ വോട്ടെടുപ്പിന് മുമ്പ് ഓരോ ചാനൽ വഹ സർവേ നടത്തിയിരുന്നു. ഇടതു മുന്നണിക്കായിരുന്നു എല്ലാവരും ഭൂരിപക്ഷം പ്രവചിച്ചത്. അതു കാരണം ആമേം മുയലും കഥ പോലെ ഇടതു മുന്നണി പ്രവർത്തകർ അലസന്മാരായെന്നും യു.ഡി.എഫ് പ്രവർത്തകർ ജീവന്മരണ പോരാട്ടം നടത്തിയെന്നുമാണ് ഒരു പ്രചാരണം. വോട്ടെടുപ്പിന്റന്ന് രാവിലെ സുകുമാരൻ നായർക്ക് ഒരു വിളി തോന്നി വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണെന്ന് പറഞ്ഞത് വോട്ടെടുപ്പിൽ പ്രതിഫലിച്ചുവെന്നാണ് മറ്റൊരു പ്രചാരണം. ഇതു കേട്ടാൽ തോന്നും രാവിലെ ടി.വി വാർത്ത നോക്കിയാണ് ഓരോരുത്തരും വോട്ട് ചെയ്യുന്നതെന്ന് .!

കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുണ്ടെന്ന് അവകാശപ്പെടുന്ന ചില പത്രങ്ങൾ വായിച്ച് യു.ഡി.എഫ് അനുകൂല വാർത്തകൾ വിശ്വസിച്ച് വോട്ട് ചെയ്തിരുന്നെങ്കിൽ കേരളത്തിൽ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരില്ലായിരുന്നുവെന്ന് പഴയകാല നേതാക്കൾ പറഞ്ഞതുപോലെ വോട്ടർമാരെ ഒരിക്കലും താഴ്ത്തികാണരുത്. അടിയന്തരാവസ്ഥയുടെ പേരിൽ ഇന്ദിരാഗാന്ധിയെ തോൽപ്പിക്കാനും പിന്നീട് അധികാരത്തിൽ കയറ്റാനും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചവരാണ് വിവരദോഷികളെന്ന് നമ്മൾ പരിഹസിക്കാറുള്ള ഉത്തരേന്ത്യയിലെ ജനങ്ങൾ . മലയാളികൾ അന്നും അടിയന്തരാവസ്ഥയെ പിന്തുണച്ച് വോട്ട് ചെയ്യുകയായിരുന്നു.

വോട്ടെടുപ്പിന് ശേഷം സംസ്ഥാന പൊലീസ് ഇന്റലിജൻസ് വിഭാഗം നടത്തിയ സർവേയിൽ ഇടതു മുന്നണി അധികാരത്തിൽ വരുമെന്ന് വിലയിരുത്തുമ്പോൾ യു.ഡി.എഫ് വരുമെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ കണ്ടെത്തൽ. എന്തു മാനദണ്ഡം ഉപയോഗിച്ചാണിതെന്ന് ചോദിച്ചാൽ കഥയിൽ ചോദ്യം പാടില്ലെന്നേ പറയാനുള്ളൂ. പെട്ടി പൊട്ടിക്കുന്നിടം വരെ കാത്തിരിക്കുകയേ മാർഗമുള്ളൂ, കിറ്റാണോ , ക്ഷേമ പെൻഷനാണോ അതോ ശബരിമലയും ആഴക്കടലുമാണോ വോട്ടർമാരെ സ്വാധീനിച്ചതെന്ന് അപ്പോൾ അറിയാം.

ഇനി പെട്ടി പൊട്ടിച്ചു കഴിഞ്ഞാൽ വിലയിരുത്തലെന്ന വിഴുപ്പലക്കൽ ഓരോ മുന്നണിയുടെയും പാർട്ടിയുടെയും സ്ഥാനാർത്ഥികളുടെയും വകയായി തുടങ്ങും. യഥാർത്ഥ ചിത്രം അപ്പോഴേ പുറത്തു വരൂ. പിന്നെ അതേ ചൊല്ലിയാകും തർക്കം . വാടാപോടാ വിളിയിലും കൈയാങ്കളിയിലും തലമുണ്ഡനത്തിലും ചിലരുടെ രാജിയിലും പുറത്താക്കലിലും മാറ്റി പ്രതിഷ്ഠിക്കലിലും വരെ അതെത്താം. ഏതായാലും വേവുന്നത് വരെ കാത്തിരുന്നതിനാൽ ഇനി ആറുന്നതു വരെയും നമുക്ക് കാത്തിരിക്കാം.