കോട്ടയം: കോഴിവില കുതിച്ചു കയറുന്നു. ഈസ്റ്ററിനു ശേഷം മാത്രം 50 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. റംസാൻ നോമ്പ് ആരംഭിച്ചിട്ടും വിലകുറയുന്നില്ല. വില കുറയ്‌ക്കുന്നതിന് ഇടപെടേണ്ടവർ എല്ലാം കണ്ടിരിക്കുകയാണ്.
വില വർദ്ധനവിന്റെ ലാഭം മുഴുവൻ കൊണ്ടു പോകുന്നത് തമിഴ്‌നാട്ടിലെ ഇറച്ചിലോബിയാണ്. കഴിഞ്ഞ വർഷം അപ്രതീക്ഷിതമായി എത്തിയ കൊവിഡും ലോക്ക് ഡൗണും കോഴി വിപണിയെ സാരമായി ബാധിച്ചിരുന്നു. ഇക്കുറിയും കൊവിഡിന്റെ ഭീതി നിലനിൽക്കുന്നതിനാൽ ഇറച്ചിക്കോഴിയുടെ വിൽപ്പനയിൽ ഇടിവുണ്ടാകുമെന്നാണ് വ്യാപാരികൾ ഭയന്നിരുന്നത്. ഈ സാഹചര്യത്തിൽ വ്യാപാരികൾ വളരെ കുറച്ച് കോഴികളെ മാത്രമാണ് സൂക്ഷിച്ചിരുന്നത്.
എന്നാൽ, ഈസ്റ്റർ ആഘോഷങ്ങൾക്കു പിന്നാലെ കല്യാണ സീസണും സജീവമായതോടെ ആവശ്യത്തിന് കോഴികളെ കിട്ടാതെ വന്നു. ഇതാണ് വിലക്കയറ്റിനു കാരണമായി കോഴി ലോബി ചൂണ്ടിക്കാട്ടുന്നത്. വർഷങ്ങളായി ജില്ലയിൽ പ്രാദേശിക കോഴിഫാമുകൾ നിലനിന്നിരുന്നെങ്കിലും നഷ്ടത്തെത്തുടർന്ന് പലതും പൂട്ടി. അവശേഷിക്കുന്നവയിൽ ഭൂരിഭാഗത്തിന്റെയും നിയന്ത്രണം തമിഴ് ലോബികൾക്കാണ്. സ്വന്തമായി വളർത്തുന്നവർ പരിപാലന ചെലവു വർദ്ധിച്ചതോടെ പിന്തിരിയാനുള്ള ഒരുക്കത്തിലാണ്. തമിഴ്നാട്ടിൽ നിന്നുമെത്തിക്കുന്ന കോഴിക്കുഞ്ഞിന്റെ വിലയിൽ മാത്രം ഇരട്ടി വർദ്ധനയുണ്ടായതായി കർഷകർ പറയുന്നു.
പോത്തിറച്ചി വില 380 രൂപയായി
മറ്റ് ഇറച്ചി ഇനങ്ങൾ ആഘോഷങ്ങൾക്ക് ഉപയോഗിക്കാറുണ്ടെങ്കിലും ഉയർന്ന വില വില്ലനായി മാറുന്നു. ഈസ്റ്ററോടെ ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും പോത്തിറച്ചി വില 380 രൂപയായി. ആട്ടിറച്ചി വില ഓരോ സ്ഥലത്തും തോന്നുംപടിയാണ്. 600 രൂപ മുതൽ 900 രൂപ വരെ വാങ്ങുന്നു. പന്നിയിറച്ചി വില 300 രൂപയിൽ താഴെയാണെങ്കിലും ഉപയോഗിക്കുന്നവർ കുറവാണ്. 300 രൂപയ്ക്ക് താറാവിനെ ലഭ്യമാണെങ്കിലും ഇറച്ചിക്കോഴിയുടെ സ്വീകാര്യതയില്ല. പക്ഷിപ്പനിയുടെ പേരിലുള്ള കുപ്രചാരണങ്ങളും താറാവ് കർഷകർക്ക് എന്നും തലവേദന സൃഷ്ടിക്കുന്നു. വിലക്കുറവിനൊപ്പം കൂടുതൽ പേർ കഴിക്കുമെന്നതും ഇറച്ചിക്കോഴിയുടെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നു.
ഈസ്റ്ററിനു ശേഷം അൻപത് രൂപ കൂടി
അധിക ലാഭം തമിഴ് ഇറച്ചിലോബിക്ക്
നാട്ടിലെ കോഴിഫാമുകൾ പലതും പൂട്ടി
ഇടപെടേണ്ടവർ നിശ്ബദത പാലിക്കുന്നു