
ചങ്ങനാശേരി : കറുകച്ചാൽ ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊലീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ കാടുപിടിച്ച് നശിക്കുന്നു. കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതും ആൾത്താമസമില്ലാത്തതുമാണ് ക്വാർട്ടേഴ്സുകൾ നാശത്തിലേക്ക് കൂപ്പുകുത്താൻ കാരണം. കെട്ടിടം ഉൾപ്പടെ മൂന്നര ഏക്കറോളം സ്ഥലമാണ് കാടുകയറി നശിക്കുന്നത്. 16 കുടുംബങ്ങൾക്ക് താമസിക്കാനാണ് ക്വാർട്ടേഴ്സുകൾ നിർമിച്ചത്. അസൗകര്യവും കെട്ടിടത്തിന്റെ ശോച്യാവസ്ഥയും കാരണം കുടുംബങ്ങൾ പലപ്പോഴായി കളം ഒഴിഞ്ഞു. കെട്ടിടങ്ങൾ ഓരോന്നായി തകർന്നുവീഴാൻ തുടങ്ങിയിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായതുമില്ല. അറ്റകുറ്റപ്പണി നടത്താത്തതിനാൽ മേൽക്കൂരകൾ നിലംപൊത്തി. ചില ക്വാർട്ടേഴ്സുകളുടെ ഭിത്തി ഇടിഞ്ഞുവീണു. ചുരുക്കത്തിൽ 16 ക്വാർട്ടേഴ്സുകളിൽ 14 എണ്ണവും ഉപയോഗശൂന്യമായി. രണ്ടെണ്ണം മാത്രമാണ് നിലവിൽ ഉപയോഗിക്കുന്നത്. പലതും ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും വിഹാര കേന്ദ്രമായി മാറി.
ചോരുന്ന മേൽക്കൂര
വരാന്തയും ഒരു കിടപ്പുമുറിയും അടുക്കളയും ശൗചാലയവുമാണ് ഓരോ ക്വാർട്ടേഴ്സിലുമുള്ളത്. ഓട് മേഞ്ഞ കെട്ടിടത്തിന്റെ പട്ടികകൾ തകർന്നതിനാൽ മഴക്കാലത്ത് ചോർച്ച പതിവാണ്. ടാർപ്പോളിനും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ചാണ് ചോർച്ചയെ പ്രതിരോധിക്കുന്നത്. ഭിത്തികൾക്ക് ബലക്ഷയവുമുണ്ട്. കാട് തിങ്ങി നിൽക്കുന്നതിനാൽ സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാൻ ഭയമാണ്.
ആശുപത്രി കെട്ടിടങ്ങളും ജീർണാവസ്ഥയിൽ
ഗവൺമെന്റ് ആശുപത്രി ജീവനക്കാർക്കായി 25 വർഷം മുൻപ് നിർമ്മിച്ച അഞ്ച് കെട്ടിടങ്ങളും ജീർണാവസ്ഥയിലാണ്. ഉറപ്പുള്ള കോൺക്രീറ്റ് കെട്ടിടങ്ങളിൽ ആറുമാസം പോലും ജീവനക്കാർ താമസിച്ചിട്ടില്ല. കുടിവെള്ളവും മറ്റ് സൗകര്യങ്ങളുമില്ലാത്തതാണ് ഉപേക്ഷിക്കാൻ കാരണം. ആശുപത്രി റോഡിന് സമീപം രണ്ട് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങളാണ് ഉള്ളത്. വേനൽക്കാലത്ത് കാടും പടർപ്പുകളും ഉണങ്ങുമ്പോൾ ഇവിടെ തീപിടിത്തം പതിവാണ്.