pala

പാലാ: 22 കോടിയോളം രൂപാ മുടക്കി പാലായിൽ സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയം വന്നിട്ട് വർഷം നാലു കഴിഞ്ഞു. രാഷ്ട്രീയക്കാർ അഭിമാനസ്തംഭമായി വാഴ്ത്തിയ ഈ സ്റ്റേഡിയം ഫലത്തിൽ പാലായുടെ കായിക പാരമ്പര്യത്തിന്റെ കൂമ്പൊടിക്കുകയാണ് ചെയ്തത്. വെറും മൈതാനമായിരുന്നപ്പോൾ ക്രിക്കറ്റും ഫുട്‌ബാളും വോളിബാളുമൊക്കെ കളിച്ചു നടന്ന പാലായിലെ കുട്ടികളെ പുതിയ സ്റ്റേഡിയം വന്നപ്പോൾ അധികൃതർ പുറത്താക്കി വാതിലടച്ചു! കോച്ചിംഗ് കാമ്പുകൾ പോലും പാലായിൽ കാലങ്ങളായി ന‌ടക്കുന്നില്ല. പരിശീലനം വേണ്ടവർ മാന്നാനത്തും പള്ളിക്കത്തോട്ടിലുമൊക്കെ പോകണം!
പാലാ സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയത്തിനു ചുക്കാൻ പിടിച്ച കെ. എം. മാണി പോലും ഇങ്ങനെയൊരു ദുർവിധി പാലാക്കാർക്കുണ്ടാകുമെന്ന് വിചാരിച്ചിട്ടുണ്ടാകില്ല. 2017ൽ സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങുന്ന നാളിൽ സന്തോഷം പങ്കിടാനെത്തിയ മാണിയോട് മാദ്ധ്യമപ്രവർത്തകർ ചോദിച്ചു: പാലായിൽ അന്തർദ്ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം അഭിമാനം തന്നെ, പക്ഷേ പാലായിലെ കുട്ടികൾ കളിക്കാർ എവിടെപ്പോകും സർ ....?
അന്ന് മാണി പറഞ്ഞത് പാലായിലും പരിസര പ്രദേശങ്ങളിലുമുള്ള കായിക പ്രതിഭകൾക്ക് പരിശീലനത്തിനായി മറ്റൊരു സ്റ്റേഡിയം കണ്ടെത്തും എന്നാണ്.
പക്ഷേ മാണി വിഭാവനം ചെയ്ത മറ്റൊരു സ്റ്റേഡിയത്തിന് വേണ്ടി ശ്രമിക്കാൻ ആരുമുണ്ടായില്ല.

ആർക്കും എപ്പൊഴും ഒരു വേലിക്കെട്ടുമില്ലാതെ കയറാമായിരുന്ന, കളിക്കാമായിരുന്ന, കളി പരിശീലിക്കാമായിരുന്ന ഒരു മൈതാനമുണ്ടായിരുന്നല്ലോ, അത് പാലായുടെ അഭിമാനവും മുഖമുദ്രയുമായിരുന്നു. ഒറ്റ രാത്രി കൊണ്ട് പത്തേക്കർ റബർക്കാട് വെട്ടി വെളിപ്പിച്ച് പാലായിലെ കായിക പ്രേമികളുടെ കൈക്കരുത്തിൽ തെളിഞ്ഞു കിട്ടിയൊരു മൈതാനം. സിന്തറ്റിക് ട്രാക്കിനേക്കാൾ പാലാക്കാരുടെ മനസ്സിൽ ആവേശമാകുന്നത് ആ പഴയ കളിക്കളം തന്നെയാണ്.


പാലായിൽ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം നിലവിൽ വന്നിട്ട് വർഷങ്ങളായെങ്കിലും അത് ലറ്റിക്‌സിൽ അതിനു തക്ക ഒരു നേട്ടം പാലായ്ക്ക് ഉണ്ടായിട്ടില്ല. പണ്ട് നിരവധി കായിക താരങ്ങൾക്ക് ജന്മം കൊടുത്ത സ്റ്റേഡിയമാണിത്. സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം നോക്കുകുത്തിയായി മാറുകയാണോ എന്നാണ് സംശയം. ട്രാക്കിലും മറ്റും കാലാകാലങ്ങളിൽ നടക്കേണ്ട അറ്റകുറ്റപ്പണികൾ പോലും ഇപ്പോൾ നടക്കുന്നില്ല. ദേശീയ നിലവാരത്തിലുള്ള ഒരു മത്സരം നടത്താൻ സ്റ്റേഡിയം ഇപ്പോൾ സജ്ജമല്ല.

- വി.സി.പ്രിൻസ്
(വോളീബോൾ പ്ലയർ, പാലാ മുനിസിപ്പൽ കൗൺസിലർ)

സ്‌പോർട്‌സിനെ ഗൗരവമായി സമീപിക്കുന്നവർക്ക് പുതിയ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം ഏറെ അനുഗ്രഹമാണ് എന്ന കാര്യത്തിൽ സംശയമില്ല. അന്തർദ്ദേശീയ നിലവാരത്തിൽ കായിക താരങ്ങൾക്ക് മത്സരത്തെ സമീപിക്കാൻ തീർച്ചയായും സ്റ്റേഡിയം ഉപകരിക്കും.
പക്ഷേ കായിക രംഗത്തെ ഉല്ലാസമായി കണ്ടിരുന്ന പാലായുടെ പാരമ്പര്യത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുന്നതായി ഈ സ്റ്റേഡിയം എന്ന് പറയാതെ വയ്യ. ഒരു പന്തും നാലു കൂട്ടുകാരെയും കിട്ടിയാൽ പാലാ സ്‌റ്റേഡിയത്തിലേക്ക് ഓടിയിരുന്ന കാലം കഴിഞ്ഞു. സാധാരണ കുട്ടികൾക്കും മുതിർന്നവർക്കും ഒന്നോടിക്കളിക്കാൻ, ക്രിക്കറ്റോ വോളിബാളോ ഫുട്‌ബാളോ കളിക്കാൻ ഒരിടം പാലായിൽ ഇല്ലാതെയായി.
സിന്തറ്റിക് ട്രാക്ക് സ്‌റ്റേഡിയത്തിനൊപ്പം ഒരു സാദാ സ്‌റ്റേഡിയം കൂടി നഗരത്തിൽ എവിടെയെങ്കിലും കണ്ടെത്തേണ്ടതായിരുന്നു.

- അഡ്വ. ബിനു പുളിക്കക്കണ്ടം
(മുൻ യൂണിവേഴ്‌സിറ്റി നീന്തൽ താരം, പാലാ നഗരസഭാ കൗൺസിലർ)

കളിച്ചു വളർന്നാലല്ലേ കായിക താരമാകാനാവൂ. എന്നാലല്ലേ സിന്തറ്റിക് സ്റ്റേഡിയം വേണ്ടൂ. പാലായിലെ കുട്ടികൾ എവിടെ കളിച്ചു വളരണമെന്നാണ് നിങ്ങൾ പറയുന്നത്. ഉണ്ടായിരുന്ന ഒരു സ്റ്റേഡിയം അന്താരാഷ്ട്രമാക്കി അടച്ചു കെട്ടിയപ്പോൾ നിങ്ങൾ പാലായിലെ കുട്ടികളെക്കുറിച്ച് ഒാർത്തോ‌? ഒന്നുപന്തെറിയാൻ പോലും ഒരിടമില്ലാത്ത പാലായിലെ കുട്ടികൾ വീർപ്പുമുട്ടുന്നുണ്ടെങ്കിൽ, കൂറ്റൻ ഗേറ്റിനിപ്പുറത്തു നിന്ന് അവർ നെടുവീർപ്പിടുന്നുണ്ടെങ്കിൽ ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ പേരിലുള്ള നിങ്ങൾ രാഷ്ട്രീയക്കാരുടെ മേനി നടിപ്പൊക്കെ കേവലം ജനവഞ്ചനയാണ്.

- രോഹിത് സി. മോഹൻ

പാലാ

(പാലായിലെ ചെറുപ്പക്കാർക്ക് നഷ്ടമായ കായിക പരിശീലനത്തെക്കുറിച്ച് പറയാനുണ്ടെങ്കിൽ വിളിക്കാം: 9446 579399)