krishna
വിൽപ്പനയ്‌ക്കെത്തിയ ശ്രീകൃഷ്ണ വിഗ്രഹങ്ങൾ.

കട്ടപ്പന: ഇനിയും അവസാനിച്ചിട്ടില്ലാത്ത കൊവിഡ് കാലത്ത് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നല്ലനാളുകൾ വീണ്ടെടുക്കാനായി വിഷുവിനെ വരവേറ്റ് നാടും നഗരവും സജീവമായി. മന്ദഗതിയിലായിരുന്ന വിപണികൾ വിഷുവിന്റെ വരവോടെ സജീവമായിക്കഴിഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആളുകൾ നഗരത്തിലേക്ക് എത്തിത്തുടങ്ങി. പച്ചക്കറി ചന്തകളിലും പഴവർഗ വിൽപ്പന കേന്ദ്രങ്ങളിലും ഏതാനും ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ വസ്ത്ര, ഗൃഹോപകരണ ശാലകളും സജീവമായിട്ടുണ്ട്.
മുൻവർഷങ്ങളെ അപേക്ഷിച്ച് പച്ചക്കറികൾക്ക് വില കൂടുതൽ ഇല്ല. ബീൻസിന് മാത്രമാണ് ഇത്തവണ വില കൂടുതൽ. അതേസമയം മുരിങ്ങയ്ക്ക ഉൾപ്പെടെയുള്ള ഏതാനും പച്ചക്കറികളുടെ വില കുറഞ്ഞിട്ടുണ്ട്. തക്കാളി40 രൂപ, ബീൻസ്80, പയർ60, വെണ്ടയ്ക്ക40, പടവലങ്ങ30, വെള്ളരി40, മുരിങ്ങയ്ക്ക60, സവോള30, ക്യാരറ്റ്50, കാബേജ്40, മത്തങ്ങ30, കത്രിക്ക30, വഴുതനങ്ങ50, പച്ചമുളക്80, ചേന40, കൂർക്ക6080, കോളി ഫ്‌ളവർ60, കോവയ്ക്ക4050, അച്ചിങ്ങാപ്പയർ40, കിഴങ്ങ്3040, ഉള്ളി60, ബീറ്റ്‌റൂട്ട്40 എന്നിങ്ങനെയാണ് വിപണിയിലെ വില. വിഷുസദ്യയും വിഷുക്കണിയും ഒരുക്കാനുള്ള പച്ചക്കറികൾ വാങ്ങാൻ ആളുകളുടെ തിരക്കാണ്. കൃഷി വകുപ്പിന്റേയും വി.എഫ്.പി.സി.കെയുടെയും കുടുംബശ്രീയുടേയും പച്ചക്കറിച്ചന്തകളും ഇന്ന് തുറക്കും. മുൻവർഷങ്ങളെ അപേക്ഷിച്ച് പഴവർഗങ്ങൾക്ക് വില കൂടുതലാണെങ്കിലും തിരക്കിന് കുറവില്ല. ആപ്പിൾ220 രൂപ, കറുത്ത മുന്തിരി100, പച്ചമുന്തിരി120140, ഓറഞ്ച്120, മാമ്പഴം80120, മാതളം220240, തണ്ണിമത്തൻ25, മഞ്ഞ തണ്ണിമത്തൻ40 എന്നിങ്ങനെയാണ് വില. ഇന്ന് രാവിലെ മുതൽ കണിക്കൊന്ന കച്ചവടക്കാരും ടൗണുകളിലെത്തും.


നാടാകെ ഉണ്ണിക്കണ്ണൻമാർ

കണിക്കൊന്നപ്പൂക്കൾക്കും കണി വിഭവങ്ങൾക്കും നടുവിൽ സർവാഭരണ വിഭൂഷിതനായ ഉണ്ണിക്കണ്ണൻ അവതരിക്കാൻ ഇനി ഒരുദിനം മാത്രമേയുള്ളൂ. വിപണികളിൽ ശ്രീകൃഷ്ണ വിഗ്രഹങ്ങളുടെ വിൽപന തകൃതിയായി നടക്കുകയാണ്. 75 മുതൽ 6000 രൂപ വരെയുള്ള വിഗ്രഹങ്ങൾ കടകളിലുണ്ട്. കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കച്ചവടക്കാരും ശിൽപികളും മാസങ്ങൾക്ക് മുമ്പേ വിഗ്രഹങ്ങൾ നിർമിച്ച് വിൽപന ആരംഭിച്ചിരുന്നു.