അടിമാലി: ദേവികുളം താലൂക്കിലെ ആദിവാസി മേഖലകൾ ഉൾപ്പെടുന്ന പല വിദൂരപ്രദേശങ്ങളും നെറ്റ് വർക്ക് കവറേജിന് പുറത്ത്.ഈ പ്രദേശങ്ങളെ പരിധിക്കുള്ളിലാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല.ഇന്റർനെറ്റ് സൗകര്യം പോയിട്ട് ഫോണിൽ പരസ്പരം ബന്ധപ്പെടാനുള്ള നെറ്റ് വർക്ക് കവറേജ് പോലും ഇവിടങ്ങളിൽ ഇല്ല.പേരിന് മാത്രം പരിധിക്കുള്ളിലായ ഇടമലക്കുടിയും ആശയ വിനിമയ സൗകര്യം തീരെയില്ലാത്ത കുറത്തിക്കുടിയും അടിമാലി ടൗണുമായി ചേർന്ന് കിടക്കുന്ന കുരങ്ങാട്ടിയും ചിന്നപ്പാറക്കുടിയുമൊക്കെ പരിധിക്ക് പുറത്തുള്ള ആദിവാസി ഇടങ്ങളാണ്.മൂന്നാറിനോട് ചേർന്നുള്ള പല തോട്ടം മേഖലയിലും പരിധിക്കുള്ളിലാവേണ്ട പ്രദേശങ്ങളുണ്ട്.ഇവിടങ്ങളിൽ ആശയവിനിമയ സംവിധാനത്തിനുള്ള സൗകര്യം ഒരുക്കാൻ ഇടപെടൽ വേണമെന്നാണ് ആവശ്യം.ബിഎസ്എൻഎൽ നെറ്റ് വർക്കിന് മാത്രം നേരിയ തോതിൽ കവറേജുള്ള നിരവധി പ്രദേശങ്ങളും ദേവികുളം താലൂക്കിലുണ്ട്.കൊവിഡ് ആശങ്കയിൽ കുട്ടികളുടെ പഠനം പൂർണ്ണമായി ഓൺലൈൻ രീതിയിലേക്ക് മാറിയതോടെ മതിയായ ഇന്റർനെറ്റ് സൗകര്യത്തിന്റെ അപര്യാപ്തത ഇവിടങ്ങളിൽ വരുത്തുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.മഴക്കാലമാകുന്നതോടെ അപ്രതീക്ഷിതമായി അപകടങ്ങൾ ഉണ്ടായാൽ അത് പുറത്തറിയിക്കുക നെറ്റ് വർക്ക് കവറേജിന്റെ പുറത്തുള്ള കുടുംബങ്ങൾക്ക് വെല്ലുവിളി നിറഞ്ഞ കാര്യമാണ്.വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ പരസ്പരം ആശയവിനിമയം നടത്താനും പരിധിക്ക് പുറത്തുള്ള താലൂക്കിലെ കുടുംബങ്ങൾ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്.